കാന്‍സര്‍ ഭീഷണി നിലനിൽക്കുന്നതായി ചുണ്ടിക്കാട്ടി 38 ആയിരത്തോളം ആളുകള്‍ യുഎസിലെ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വിൽപന അവസാനിപ്പിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ലോക വ്യാപകമായി പൗഡർ വിൽപന നിർത്തുന്നു.
‘ടാല്‍ക്ക് അധിഷ്‌ഠിത ബേബി പൗഡര്‍ വില്‍ക്കുന്നത് ആഗോളതലത്തില്‍ അടുത്ത വര്‍ഷത്തോടെ നിര്‍ത്തും‘ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അറിയിച്ചു. എന്നാൽ നിലനിൽക്കുന്ന ആരോപണങ്ങളെ പാടെ നിഷേധിച്ചു കൊണ്ടാണ് കമ്പനി ആഗോളതലത്തില്‍ വില്‍പന നിര്‍ത്തുകയാണെന്ന അറിയിപ്പ് ഇറക്കിയിരിക്കുന്നത്. ശാസ്‌ത്രീയ പരിശോധകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
ഉല്‍പ്പന്നത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ‘തെറ്റായ വിവരങ്ങള്‍’ നല്‍കി വില്‍പ്പന നടത്തിയെന്ന കാര്യം കോടതികളും ചൂണ്ടികാണിച്ചിട്ടുണ്ട്. വ്യാപകമായി അറിയപ്പെടുന്ന കാര്‍സിനോജന്‍ ആയ ആസ്ബറ്റോസ് സാന്നിദ്ധ്യമാണ് ടാല്‍ക് ഉല്‍പ്പന്നങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടമെന്നും പതിവായി ഇത് ഉപയോഗിച്ചതിനാല്‍ ക്യാന്‍സറിന് കാരണമായി എന്നുമാണ് ലഭിച്ച പരാതികളിൽ ഏറെയും. എന്നാൽ ഇതൊന്നും കമ്പനി അംഗീകരിച്ചിട്ടില്ല.
100ലധികം വർഷമായി (1894 മുതല്‍) ആഗോള ബ്രാന്‍ഡ് നിരയിലുള്ള ജോണ്‍സണ്‍സ് ബേബി പൗഡര്‍ ഇന്ത്യയിലും അനിഷേധ്യമായ കുടുംബ സൗഹൃദ പ്രതിഛായ നേടിയ ഉൽപന്നമാണ്. അവരുടെ ‘ഫസ്‌റ്റ് അസറ്റ്‘ ആയി പരിഗണിച്ചിരുന്ന ഉൽപന്നമാണ് ബേബി പൗഡര്‍.
നമുക്ക് തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് പ്രൊഡക്റ്റുകൾ ഇവർക്ക് വിപണിയിൽ ഉണ്ട്. ഇവയിലേതൊക്കെയാണ് ഇതുപോലെ അപകടകാരികൾ എന്ന് തിരിച്ചറിയാൻ ഇനിയും ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടിവന്നേക്കാം എന്നതാണ് നമ്മുടെ വ്യവസ്‌ഥിതിയുടെ ഗുണം. കുഞ്ഞുങ്ങളെ ഇവരുടെ ടാൽക്കം പൗഡറിട്ട് കുളിപ്പിച്ച് സൗന്ദര്യം വരുത്തുന്ന ജനതയിൽ നിന്ന് അതില്ലാത്ത ഒരു കാലത്തിലേക്കാണ് ഇനിയുള്ള യാത്ര.
0 Comments