കാസർകോട്: അറവു മാലിന്യ വിമുക്ത ജില്ലയായി കാസര്‍കോടിനെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മൂന്ന് കോഴിക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കോഴിക്കടകളിലാണ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അതുല്‍ സ്വാമിനാഥിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചെര്‍ക്കളയിലെ എവറസ്റ്റ് ചിക്കന്‍ സെന്റര്‍, ചെമ്മനാട് ചിക്കന്‍ സെന്റര്‍ ഫിഷ് മാര്‍ക്കറ്റ്, എംഎകെ ചിക്കന്‍ സെന്റര്‍ഫിഷ് മാര്‍ക്കറ്റ് എന്നിവക്കാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി അടച്ചുപൂട്ടുവാന്‍ നിര്‍ദേശം നല്‍കിയത്. ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഡി.എല്‍.എഫ്.എം.സി അംഗങ്ങളായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ജൂനിയര്‍ സൂപ്രണ്ട് പി.വി.ഭാസ്‌ക്കരന്‍, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനീഷ് ആന്റണി, ഫുഡ് സേഫ്റ്റി പ്രതിനിധി കെ.എം.മന്‍സൂര്‍, ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് എം.എ.മുദസ്സിര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മറ്റു കോഴിക്കടകളിലും പരിശോധന നടത്തുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതപ്പെടുത്തുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
0 Comments