കാസർകോട്: കൊവിഡ് 19 സാഹചര്യത്തില്‍ കാസര്‍കോട് തെക്കിലില്‍നിര്‍മ്മിച്ച മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ഏറ്റെടുത്ത വഖഫ് ഭൂമിയ്ക്ക് പകരം ഭൂമി മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് പ്രവര്‍ത്തനത്തിന് പതിച്ചു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസര്‍കോട് താലൂക്കിലെ തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലിലാണ് ഭൂമി അനുവദിക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ അതേ വിസ്തൃതിയില്‍ തൊട്ടടുത്ത് തന്നെയാണ് പകരം ഭൂമി. വിട്ടുകൊടുത്ത ഭൂമിയുടെ മൂല്യത്തിന് സമാനമായ ഭൂമിയുമാണിത്. ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ ഉടമസ്ഥതയിലുള്ള 1.6695 ഹെക്ടറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും പൊതു ആവശ്യത്തിന് അനിവാര്യമായതിനാലുമാണ് ഈ ഭൂമി ഏറ്റെടുത്തത്. മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ഏറ്റവും അനുയോജ്യമാണ് ഈ ഭൂമിയെന്ന് കണ്ടെത്തിയിരുന്നു. ഭൂമി ഏറ്റെടുത്ത ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ സി. എസ്.ആര്‍ ഫണ്ടുപയോഗിച്ച് ആശുപത്രി സജ്ജമാക്കി. കൊവിഡ് രോഗം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ആശ്വാസമാകാന്‍ ഈ സംവിധാനത്തിന് സാധിച്ചു. കാസര്‍കോട് രോഗത്തിന്റെ തീവ്രത വലിയതോതില്‍ കുറയാന്‍ വഴിയൊരുക്കി. 2020ല്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ പകരം ഭൂമി നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ജില്ലാ കളക്ടറും വഖഫ് ഉടമസ്ഥനായിരുന്ന സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
0 Comments