ഓണപ്പൂക്കളങ്ങളില്‍ വര്‍ണങ്ങള്‍ നിറയ്ക്കും കുടുംബശ്രീയുടെ ചെണ്ടുമല്ലികള്‍

LATEST UPDATES

6/recent/ticker-posts

ഓണപ്പൂക്കളങ്ങളില്‍ വര്‍ണങ്ങള്‍ നിറയ്ക്കും കുടുംബശ്രീയുടെ ചെണ്ടുമല്ലികള്‍


കാസർകോട്: കണ്ണിന് കുളിര്‍മ നല്‍കുന്ന നാട്ടുപൂക്കളുടെ ഇടയില്‍ കുടുംബശ്രീ വക ചെണ്ടുമല്ലിയും കൂടിയായാലോ.ഇത്തവണ  മറുനാടന്‍ പൂക്കളിട്ട് ഓണപ്പൂക്കളങ്ങള്‍ നിറക്കേണ്ടി വരില്ല. വ്യത്യസ്ത നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ നമ്മുടെ നാട്ടില്‍ നിന്നും വിപണിയിലേക്കെത്തുകയാണ്. പൂക്കളങ്ങളിലേക്ക് കണ്ണ് വെച്ച് 12 ഏക്കറിലാണ് ചെണ്ടുമല്ലികള്‍ വിരിഞ്ഞിരിക്കുന്നത്. 18 യൂണിറ്റുകളാണ് ചെണ്ടുമല്ലി കൃഷിയിറക്കി പൂവിറുക്കാന്‍ തയ്യാറെടുക്കുന്നത്.

കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, നീലേശ്വരം, മംഗല്‍പ്പാടി, കരിന്തളം രണ്ട്, പിലിക്കോട്, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, മുളിയാര്‍ സിഡിഎസുകള്‍ക്ക് കീഴിലാണ് വിവിധ ഇടങ്ങളിലായി ചെണ്ടുമല്ലി കൃഷിയുള്ളത്. 50 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ സ്ഥലത്തുവരെ കൃഷി ചെയ്യുന്ന യൂണിറ്റുകള്‍ ഉണ്ട്.

മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഇത്തവണ കൃഷി ചെയ്തത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ കുടുംബശ്രീയുടെ ഓണ ചന്തകള്‍ വഴി പൂക്കള്‍ വിപണിയിലെത്തിക്കും. സാധാരണ ഓണനാളുകളില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കള്‍ എത്തിക്കുന്നത്. എന്നാല്‍ ഇത്തവണ കുടുംബശ്രീയുടെ നാടന്‍ പൂക്കളും ഓണ വിപണിയില്‍ താരങ്ങളാകും. രണ്ട് മാസം മുമ്പാണ് പൂക്കള്‍ കൃഷി ചെയ്ത് തുടങ്ങിയത്. പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്. മഴക്കാല കൃഷി ആയതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെയാണ് പൂക്കളെ പരിചരിച്ചത്. പ്രതികൂല കാലാവസ്ഥയിലും ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച വിളവ് നേടാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.

Post a Comment

0 Comments