ദേഹത്തേക്ക് ചാടിവീണ് പുലി, വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്

LATEST UPDATES

6/recent/ticker-posts

ദേഹത്തേക്ക് ചാടിവീണ് പുലി, വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്



ഇടുക്കി: മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലന്‍ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.


ശനിയാഴ്ച രാവിലെ ഗോപാലന്‍ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലന്‍ പറഞ്ഞു. ഇതോടെ പ്രാണരക്ഷാര്‍ഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.


''വഴിയില്‍ കിടക്കുകയായിരുന്ന പുലി എന്റെ മേലേക്ക് ചാടി. എന്നെ കടിച്ചു. അപ്പോളാണ് വാക്കത്തി കൊണ്ട് വീശിയത്. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. വെട്ടുകൊണ്ട പുലി താഴെവീണു. ഞാന്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. കൈയിലടക്കം പൊട്ടലുണ്ട്. നെഞ്ചിന് ഭയങ്കര വേദനയാണ്. നേരത്തെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്'', ഗോപാലന്‍ പ്രതികരിച്ചു.


പുലിയുടെ ആക്രമണത്തില്‍ ഗോപാലന് കൈയിലും കാലിലും അടക്കം മുറിവുകളും പൊട്ടലുമുണ്ട്. ഇദ്ദേഹത്തെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷ ബാധയ്ക്കെതിരായ കുത്തിവെപ്പ് അടക്കം ചികിത്സകള്‍ നല്‍കിവരികയാണ്.


കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.

Post a Comment

0 Comments