ശനിയാഴ്‌ച, സെപ്റ്റംബർ 03, 2022


കാഞ്ഞങ്ങാട്: ഓണ തിരക്ക് പരിഗണിച്ച് സെപ്തംബര്‍ അഞ്ച് മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നു. ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണവും ലൈസന്‍സും ഏര്‍പ്പെടുത്തും. പൂക്കച്ചവടം ആലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് പരിസരത്ത് മാത്രമായി ക്രമപ്പെടുത്തും. വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ക്രമാതീതമായി നഗരത്തിലെത്തുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയന്ത്രണം വേണമെന്നാണ് വിദഗ്ധ സമിതി വ്യക്തമാക്കിയത്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി സുഗമമായ യാത്രക്ക് ഇത് വഴിയൊരുക്കും. അതോടൊപ്പം ചരക്ക് വാഹനങ്ങള്‍ സമയം പാലിക്കാതെ ഏതുസമയവും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന രീതിയും ഒഴിവാക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എര്‍പ്പെടുത്തും. പഴയ കൈലാസ് തിയ്യേറ്റര്‍ പരിസരത്ത് റോഡിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറ് വശത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ യുടേണ്‍ അനുവദിക്കാനും തീരുമാനിച്ചു. നഗരസഭ ഓഫിസില്‍ നടന്ന ട്രാഫിക് അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.പ്രകാശന്‍, ആര്‍.ഡി.ഒ സീനിയര്‍ സൂപ്രണ്ട് ആര്‍.ശ്രീകല, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി.ഗണേശന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ