തൃശൂർ: എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പശുവിന് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്.
പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പശുവിനെ കൊന്നത്. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആൻ്റണിയെത്തി പശുവിനെ വെടിവക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്ഐ എവി ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റെയ്ഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.
കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തു മൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരികയാണ്. ഖാദറിന്റെ പശുവും നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവെച്ചു കൊന്ന പശുവിനെ വെറ്റിനറി വകുപ്പിന്റെ നിർദേശപ്രകാരം തന്നെ കുഴിച്ചിട്ടു.
0 Comments