തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

 



കാഞ്ഞങ്ങാട് നഗരത്തിലിറങ്ങാന്‍ ഇനി തെരുവ് നായകളെ പേടിക്കേണ്ട. തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. നഗരത്തില്‍ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ കണ്ടത്തി ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കും. ഹോട്ടല്‍, റസ്റ്റോറന്റ് തുടങ്ങിയ വ്യാപാരികളുമായി സഹകരിച്ച് നായകള്‍ക്ക് ഭക്ഷണം നല്‍കും. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത കര്‍മ്മ പദ്ധതികളാണ് കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കുന്നത്. അലക്ഷ്യമായി മാലിന്യം തള്ളുന്നത് തെരുവു നായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണമെന്നിരിക്കെ നഗരത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കി മാറ്റും. തെരുവുനായകള്‍ക്ക് വാക്സിന്‍ ഉറപ്പാക്കും. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും.


സുപ്രീം കോടതിയില്‍ കക്ഷി ചേരും


ആക്രമകാരികളായ തെരുവ് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അനുമതി നല്‍കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തെരുവ് നായ അക്രമണം തടയാന്‍ വിപുലമായ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ചെയര്‍പേഴ്സണ്‍ കെ.വി സുജാത അധ്യക്ഷയായി. നഗര തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പും യോഗം ചര്‍ച്ച ചെയ്തു. കക്ഷി നേതാക്കളായ കെ.കെ ജാഫര്‍, എം.ബല്‍രാജ്, പള്ളിക്കൈ രാധാകൃഷ്ണന്‍, കെ.കെ.ബാബു, ടി.കെ.സുമയ്യ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments