മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിൻ്റെ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നും 3059 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഈ സ്വർണത്തിൻ്റെ വിപണി മൂല്യം ഏകദേശം 1.36 കോടി രൂപ വരും.
1054 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കടത്തി കൊണ്ടുവന്ന മലപ്പുറം സ്വദേശി ജംഷീദ് എട്ടേപ്പാടൻ (32) ആണ് കസ്റ്റംസ് പിടിയിലായ ഒരാൾ. 4 ക്യാപ്സ്യൂളുകളിൽ ആയാണ് ഇയാൾ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
നാലു കുട്ടികളുമായി വന്ന വയനാട് സ്വദേശിനി ആണ് കസ്റ്റംസ് പിടി കൂടിയ രണ്ടാമത്തെ ആൾ. വയനാട് സ്വദേശിനി ബുഷ്റ കീപ്രത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1077 ഗ്രാം സ്വർണ്ണ സംയുക്തം ആണ് ഇവർ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. ഇതിന് പുറമെ 24 കാരറ്റിൻ്റെ 249 ഗ്രാം ആഭരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഷാർജയിൽ നിന്ന് ഐഎക്സ് 354 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൾ ഷാമിൽ (26) ആണ് പിടിയിലായ മൂന്നാമത്തെ ആൾ. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം 3 ക്യാപ്സൂളുകളിലായി ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മൂന്ന് പേരിൽ നിന്നുമായി ആകെ 3059 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. ഏകദേശം 1,36,40,000 രൂപയാണ് ഇതിൻ്റെ വിപണി മൂല്യമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഇതിന് പുറമെ ജിദ്ദയിൽ നിന്ന് വന്ന സ്‌പൈസ്‌ജെറ്റ് എസ്‌ജി 140-ന്റെ 21 എ സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണക്കട്ടികളും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. 8 സ്വർണക്കട്ടികളാണ് പൊതിക്കുള്ളിൽ നിന്ന് കണ്ടെടുത്തത്. സ്വർണം 932 ഗ്രാം തൂക്കം ഉണ്ട്. 45 ,76 120 രൂപയാണ് ഇതിൻ്റെ വിപണി മൂല്യം.കഴിഞ്ഞ ദിവസംകരിപ്പൂർ വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അന്ന് സ്വർണക്കടത്തിന് കൂട്ടുനിന്ന ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി. 4.9 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചത്. യാത്രക്കാരൻ്റെ ബാഗേജിൽ ആയിരുന്നു സ്വർണം. ബാഗേജ് കൊണ്ടുവന്ന വയനാട് സ്വദേശി അഷ്കർ അലി ഇത് ഉപേക്ഷിച്ചു മുങ്ങി. ഇൻഡിഗോ എയർലൈൻ സ്റ്റാഫായ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തുണിയിലും സോക്‌സിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു ബാഗേജിനുള്ളിൽ. സംഭവത്തെ പറ്റി കസ്റ്റംസ് നൽകുന്ന വിശദീകരണം ഇങ്ങനെ. വിമാനത്തിൽ നിന്ന് ലഗ്ഗേജ് കൊണ്ട് വരുന്ന ട്രാക്ടർ ട്രോളിയിൽ നിന്ന് തന്നെ ഇൻഡിഗോ ജീവനക്കാർ സ്വർണം അടങ്ങിയ പെട്ടി മാറ്റും. പെട്ടിയിൽ ആഭ്യന്തര പുറപ്പെടൽ ടാഗ് പതിച്ച് കൊണ്ടുവരും. ഇങ്ങനെ കസ്റ്റംസ് പരിശോധനയിൽ നിന്നും വെട്ടിച്ച് കൊണ്ടുവരുന്ന പെട്ടി പുറത്ത് എത്തിച്ച് കൈമാറും.
മുൻപ് നിരവധി തവണ ഇവർ ഇത്തരത്തിൽ സ്വർണം കടത്താൻ കൂട്ട് നിന്നിട്ടുണ്ട് എന്നും കസ്റ്റംസ് അധികൃതർ പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബഗ്ഗേജിൽ ടാഗ് പതിച്ച് മാറ്റാൻ ശ്രമിക്കവേ ആണ് സാജിദ് റഹ്മാനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു ജീവനക്കാരനായ സാമിലും പിടിയിലായത്.
0 Comments