ഹര്‍ത്താലില്‍ വ്യാപക അക്രമം; 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഹര്‍ത്താലില്‍ വ്യാപക അക്രമം; 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



ദേശീയ- സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം ഉള്‍പ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി. അക്രമസംഭവങ്ങളില്‍ ഇതുവരെ 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.


സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ഏറ്റവുമധികം ആക്രമണം നടന്നത്. 51  ബസുകളുടെ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. ഡ്രൈവര്‍മാര്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു. കണ്ണൂര്‍ വളപട്ടണത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂര്‍ക്ക് പോയ ബസിന് നേര്‍ക്കാണ് അക്രമമുണ്ടായത്. 


മറ്റു വാഹനങ്ങള്‍ക്ക് നേരെയും അക്രമികള്‍ കല്ലെറിഞ്ഞു. കല്ലേറിനിടെ ഡ്രൈവര്‍മാര്‍ക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞ് പരിക്കേല്‍പ്പിക്കാനും ശ്രമമുണ്ടായി. തിരുവന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിന് ഇരുമ്പ് കഷ്ണം പതിച്ചാണ് പരിക്കേറ്റത്. തൃശൂര്‍ ചാവക്കാട് ആംബുലന്‍സിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞു.  തിരുവനന്തപുരം കുമരിച്ചന്തയില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. 


ഈരാറ്റുപേട്ടയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 87 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു. നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. ഹോട്ടലിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കും അടിച്ചുതകര്‍ത്തു. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കട അടിച്ചുതകര്‍ത്തു.പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ക്ക് നേരെ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു. 


കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

ഉളിയില്‍ നരയന്‍പാറയിലും സമാനമായ രീതിയില്‍ പെട്രോള്‍ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. 


കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 

യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു. 

Post a Comment

0 Comments