കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ആദരിച്ചാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദയാബായിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം ദയാബായിക്ക് കൈമാറുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. ഹംസ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കാറ്റുംകോളും നിറഞ്ഞ കലുഷിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലും അചഞ്ചലമായ കര്‍മ്മ ചൈതന്യവുമായി ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷ സംഘാടനത്തിന്റെയും ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും ചുക്കാന്‍ പിടിച്ച ആത്മീയ നേതാവ് എന്നതാണ് പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേറിട്ട് നില്‍ക്കുന്ന രാഷ്ട്രീയ മാതൃക. തങ്ങളുടെ ജീവിത സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക ഉന്നമനം, മത നിരപേക്ഷത, വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതി, പ്രത്യേകിച്ച് തൊഴില്‍ നൈപുണ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരമാണ് എന്‍ഡോസള്‍ഫാന്‍ സമര നായിക കൂടിയായ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
0 Comments