ആരിഫ് മുഹമ്മദ് ഖാനെതിരെ ലീഗ്: ഗവർണർ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

LATEST UPDATES

6/recent/ticker-posts

ആരിഫ് മുഹമ്മദ് ഖാനെതിരെ ലീഗ്: ഗവർണർ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

 


കാസർകോട്: ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 


ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലീം ലീഗിന് അതിന് കഴിയുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച ലീഗ് നേതാവ് പിഎംഎ സലാം സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവർണർക്ക് എതിരെയും ആഞ്ഞടിച്ചതും ശ്രദ്ധേയമായിരുന്നു.  


വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശനിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷവിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്ക്കൂട്ടുന്നു.കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.


പൗരത്വ വിഷയത്തില്‍ തുടങ്ങിയ ശീതയുദ്ധമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനിശ്ചിതത്വം ഉണ്ടാക്കി ഉടനെയൊന്നും പരിഹരിക്കാനാകാത്ത വിഷയമായി വളര്‍ന്ന് പന്തലിച്ചത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളോടെ  അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി.ഇനി സര്‍വശക്തിയുമെടുത്ത് നേര്‍ക്കുനേര്‍ പോരാട്ടമാണ്.


സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്‍റെ പ്രധാന വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറയുന്നു. പ്രത്യക്ഷ സമരങ്ങളിലെല്ലാം ഈ വാദമായിരിക്കും നേതാക്കളുന്നയിക്കുക. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിരുന്നു.ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ടയെന്ന പ്രചാരണത്തിന് നല്ല സ്വീകാര്യതയുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. 


ഈ രാഷ്ട്രീയം മുന്നില്‍ കണ്ടാണ് മുസ്ലീംലീഗ് ഒരുമുഴം മുന്‍പേ എറിഞ്ഞ് ഗവര്‍ണറെ എതിര്‍ക്കുന്നത്. നേരത്തെ ഇടി മുഹമ്മദ്ബഷീര്‍ പറഞ്ഞ കാര്യം ഇന്നലെ പിഎംഎ സലാം ഏറ്റുപിടിച്ച് നിലപാട് വ്യക്തമാക്കി. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെുയും എതിര്‍ത്ത് ഗവര്‍ണറുടെ നടപടിക്ക് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ലീഗിന്‍റെ വ്യത്യസ്താഭിപ്രായമെന്നതും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു. ഗവര്‍ണര്ർക്കെതിരായ നീക്കങ്ങളെ ചെറുക്കുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വം കൂടി രംഗത്തെത്തുന്നതോടെ തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നും സിപിഎം നേതൃത്വം കരുതുന്നു.

Post a Comment

0 Comments