കാസർകോട്: നാശോന്‍മുഖത്തെത്തിയ ചന്ദ്രഗിരിപ്പുഴയുടെ കൈത്തോട് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടെ നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ചന്ദ്രഗിരി , തേജസ്വിനി പുഴകള്‍ സന്ദര്‍ശിച്ചു. നാശത്തിന്റെ വക്കിലെത്തിയ ചന്ദ്രഗിരിപ്പുഴയുടെ കൈത്തോട് പല സ്ഥലങ്ങളിലും അപ്രത്യക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കൈത്തോടിന്റെ പ്രദേശം അളന്ന് തിട്ടപ്പെടുത്തി പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ചതായി സമിതി ചെയര്‍മാന്‍ ഇ.കെ വിജയന്‍ എം.എല്‍.എ പറഞ്ഞു. ചന്ദ്രഗിരിപ്പുഴയുമായി ബന്ധപ്പെട്ട് സമാന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പല കൈത്തോടുകളും മണ്ണിട്ട് നികത്തി നീരൊഴഉക്ക് സാധ്യമാകാത്ത നിലയിലാണ്. ഇവയൊക്കെ പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ സമിതി ചുമതലപ്പെടുത്തി. റവന്യൂ, തദ്ദേശ സ്വയംഭരണം, സര്‍വെ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് തീരുമാനിച്ച് ജനുവരി മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
തേജസ്വിനി പുഴയുടെ തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നുവെന്ന പരാതിയാണ് സമിതി പ്രധാനമായും പരിശോധിച്ചത്. ഹാര്‍ബറിന് സമീപം പുലിമുട്ട് സ്ഥാപിച്ചതിന് ശേഷമാണ് ഉപ്പുവെള്ളം കൂടുതല്‍ കയറുന്നുവെന്നും പല വീടുകളുടെയും മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം ഉയരുന്നുവെന്നുമാണ് പ്രദേശവാസികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ തീരം ഉയര്‍ത്തി സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സമിതി നിര്‍ദേശിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പ് നേരത്തെ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
പുഴവെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ചും സമിതി പരിശോധന നടത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെ വലിയതോതിലാണ് മാലിന്യങ്ങള്‍ പുഴയിലേക്കെത്തുന്നത്. മലിനീകരണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുഴയെ സംരക്ഷിക്കാനാവശ്യമായ ജനകീയ പദ്ധതി ആവിഷ്‌കരിക്കാന്‍ സമിതി നിര്‍ദേശം നല്‍കി. കേരളത്തിലുടനീളമുള്ള പുഴകള്‍ നേരിടുന്ന വെല്ലുവിളിയാണ് മാലിന്യ നിക്ഷേപം. ഇതിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചതായി സമിതി അറിയിച്ചു. പതിനാലാം നിയമസഭയുടെ കാലത്ത് പരിസ്ഥിതി സമിതി ചന്ദ്രഗിരി, തേജസ്വിനി പുഴകള്‍ സന്ദര്‍ശിച്ച് വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിന് പുരോഗതി വരുത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി ഇരുപുഴകളും സന്ദര്‍ശിച്ചതെന്നും ഇ.കെ വിജയന്‍ എം.എല്‍.എ പറഞ്ഞു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ പരിസ്ഥിതി സമിതി സിറ്റിംഗില്‍ പരിസ്ഥിതി സംബന്ധമായ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ സ്വീകരിച്ചു. ഇടയിലക്കാട് ബണ്ട് പൊളിച്ച് നീക്കി റോഡ് ബ്രിഡ്ജ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് നിവേദനം നല്‍കി. പരപ്പയിലെയും ബെള്ളൂരിലെയും ക്വാറികളെ കുറിച്ചുള്ള പരാതികളിന്‍മേല്‍ തെളിവെടുപ്പിന് സമര്‍പ്പിച്ചു. സീതാംഗോളിയിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഈസാ കുഞ്ഞി പരിസ്ഥിതി സമിതി അംഗങ്ങള്‍ക്ക് പ്ലാവിന്‍ തൈകള്‍ നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുറിച്ച് മാറ്റുന്ന മരങ്ങള്‍ക്ക് പകരം മരത്തൈകള്‍ നടാന്‍
എം.എല്‍.എ മാരായ ടി.ഐ.മധുസൂദനന്‍, കെ.ഡി.പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ സമിതിയില്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം എ.കെ.രമേന്ദ്രന്‍, അസി. കളക്ടര്‍ മിഥുന്‍ പ്രേംരാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ആര്‍.ഡി.ഒ അതുല്‍.എസ്.നാഥ്, നിയമസഭാ സെക്രട്ടറിയേറ്റ് സെക്ഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments