സ്കൂളിൽ കഞ്ചാവ്; സുരക്ഷാ ജീവനക്കാരനും എത്തിച്ചയാളും ഓടി രക്ഷപ്പെട്ടു; അഞ്ച് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

സ്കൂളിൽ കഞ്ചാവ്; സുരക്ഷാ ജീവനക്കാരനും എത്തിച്ചയാളും ഓടി രക്ഷപ്പെട്ടു; അഞ്ച് പേർ പിടിയിൽ

 



കൊച്ചി: സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്. കോതമം​ഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇവിടെ നിന്ന് കഞ്ചാവ് പൊതികൾ പിടിച്ചെടുത്തു. സ്കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് നൽകിയിരുന്നുവെന്ന് എക്സൈസ് സംഘം പറയുന്നു. 


സുരക്ഷാ ജീവനക്കാരൻ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജുവാണ് രക്ഷപ്പെട്ടത്. ഇയാൾ ലഹരി സംഘത്തിലെ അം​ഗമാണെന്ന് എക്സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു. 


എക്സൈസ് സംഘം ഇവിടെയെത്തുമ്പോൾ ഓഫീസിനകത്ത് അഞ്ച് യുവാക്കൾ ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീർ, കുത്തുകുഴി സ്വ​ദേശി ഹരികൃഷ്ണൻ എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു. 


കോതമം​ഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെഎ നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിസിടിവി പ്രവർത്തിക്കാത്തതിനാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

Post a Comment

0 Comments