പെരിയയിൽ ദേശീയപാത നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്ന സംഭവം; വിശദീകരണവുമായി കരാര്‍ കമ്പനി

LATEST UPDATES

6/recent/ticker-posts

പെരിയയിൽ ദേശീയപാത നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്ന സംഭവം; വിശദീകരണവുമായി കരാര്‍ കമ്പനി

 


കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കരാര്‍ കമ്പനി. കോണ്‍ക്രീറ്റിംഗിനായി സ്ഥാപിച്ച ചെറിയ തൂണുകള്‍ സ്ഥാപിച്ചതിലെ പ്രശ്‌നമാണ് അപകടകാരണമെന്നാണ് കരുതുന്നതെന്നും അപകടത്തെക്കുറിച്ച് കമ്പനി അന്വേഷിക്കുമെന്നും മേഘ കണ്‍സ്ട്രക്ഷന്‍ ലെയ്‌സണ്‍ ഓഫീസര്‍ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കോണ്‍ഗ്രീറ്റ് പണി തുടങ്ങിയത്. പാലത്തിന്റെ 100 മെട്രിക് ടണ്‍ പണി തീരാറായപ്പോളാണ് നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണത്. താഴ്ഭാഗത്തെ തൂണ് ഒടിയുകയോ തെന്നിമാറുകയോ ചെയ്തതാണ് പാലം തകരാന്‍ കാരണമെന്നും ബെന്നി വിശദീകരിച്ചു. കോണ്‍ഗ്രീറ്റ് ചെയ്യുമ്പോള്‍ വൈബ്രേറ്റര്‍ ഉപയോഗിക്കാനും മറ്റുമായി ഒന്‍പതോളം പേര്‍ മുകളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാല്‍ സാരമായ പരുക്കുകളല്ല. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ എഞ്ചിനീയറുമാര്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് കോണ്‍ഗ്രീറ്റ് ഇട്ടതെന്നും കമ്പിയുടെ എണ്ണത്തില്‍ കുറവുണ്ടെന്നും കോണ്‍ഗ്രീറ്റ് പൊടിഞ്ഞിരുന്നെന്നുമായ ആരോപണങ്ങളില്‍ കഴമ്പ് ഇല്ലെന്നും ബെന്നി പറഞ്ഞു.

കോണ്‍ഗ്രീറ്റിനെ പിന്‍താങ്ങുന്ന താഴത്തെ തൂണുകളില്‍ വന്ന പിഴവാണ് പാലം തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നിര്‍മ്മാണ മേഖലയില്‍ കഴിവ് തെളിയിച്ച തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ കാലപ്പഴക്കത്തെക്കുറിച്ചുളള ആരോപങ്ങള്‍ തെറ്റാണ്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി പുതിയ സാധനങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തതും. ഇതേ സാമഗ്രികളാണ് എല്ലാ സ്ഥലങ്ങളിലും മാറി മാറി ഉപയോഗിക്കുന്നത്. കൂടാതെ ഇത്തരത്തിലുളള തൂണുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള അണ്ടര്‍ പാസുകളില്‍ സുരക്ഷാ പിഴവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ബെന്നി അറിയിച്ചു.

സംഭവത്തില്‍ ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധന ഫലം ലഭിച്ച ശേഷം നടപടി ഉണ്ടാകും. വിഷയത്തില്‍ സംസ്ഥാനത്തിന് നേരിട്ട് പരിശോധന നടത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments