തിരുവനന്തപുരം: സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പൊലീസ് സേനയില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെയും പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള പൊലീസ് രൂപീകരണ ദിനാഘോഷ പരേഡും മുഖ്യമന്ത്രിയുടെ മെഡല്‍ വിതരണച്ചടങ്ങും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസ്, ഇലന്തൂര്‍ നരബലിക്കേസ് അന്വേഷണങ്ങളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ഈ സമയത്തും ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ പൊലീസിന് അവമതിപ്പുണ്ടാക്കുന്നു. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ നിരീക്ഷിക്കുന്നു. വിമര്‍ശനങ്ങളില്‍ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ല.
പൊലീസ് സേനയെ അടിമുടി പരിഷ്കരിക്കാനുള്ള സമയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് ചേരാത്ത, ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊലീസ് സേനയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ചെയ്തികള്‍ ചിലരുടെ ബാഗത്തു നിന്നുണ്ടായാല്‍ അത് സ്വാഭാവികമായ വിമര്‍ശനത്തിന് ഇടയാക്കും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ തന്നെ മികച്ച സേന എന്ന ഖ്യാതി കേരള പൊലീസ് നേരത്തെ തന്നെ നേടിയിട്ടുള്ളതാണ്. ഏറ്റവും നല്ല യശസ്സില്‍ നില്‍ക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാന്‍ വഴിവെക്കുന്ന ഒന്നായിട്ടാണ്, തീര്‍ത്തും ഒറ്റപ്പെട്ട വിരലിലെണ്ണാന്‍ കഴിയുന്ന സംഭവങ്ങള്‍ നടക്കുന്നത്. ഇത്തരക്കാര്‍ക്ക് സേനയുടെ ഭാഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 Comments