കാസർകോട്: അധ്യാപനത്തിലും, പൊതുയിടത്തിലും ബദൽ മാതൃകകൾ സൃഷ്ടിച്ച് അനേകം അപൂർവ്വതകൾ കൊണ്ട് ജീവിതത്തെ വിശുദ്ധവും സമ്പന്നവുമാക്കിയ ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻപ്രിൻസിപ്പൽ പി. അവനീന്ദ്രനാഥിൻ്റെ അഞ്ചാം ചരമവാർഷിക ദിനം നവമ്പർ നാല് വെള്ളിയാഴ്ച, ചട്ടഞ്ചാലിൽ സ്ഥാപിതമായ പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ്, പൊതുജന വായനശാല&ഗ്രന്ഥാലയം സംയുക്തമായി ആചരിക്കും.
ചടങ്ങിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ നാലാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ഡോ.കെ.വി.രാeജഷിന് സമർപ്പിക്കും.
കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനാണ് ഡോ.കെ.വി.രാജേഷ്. അധ്യാപനത്തോടൊപ്പം, സാമൂഹ്യ സാംസ്കാരികയിടങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം.ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ സംസ്ഥാന സെക്രട്ടറി, കൂടിയായ രാജേഷ് കൊവിഡ് കാലത്ത് നവമാധ്യമങ്ങളിൽ മൊട്ടൂസ് എന്ന വീഡിയോ പരമ്പര സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. ബയോബബിൾ മാതൃകയിൽ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ നടത്തി വരുന്നു.സംസ്ഥാന തല അധ്യാപക പരിശീലകൻ കൂടിയാണ്.
കെ.രാഘവൻ ചെയർമാനും, രതീഷ് പിലിക്കോട് കോർഡിനേറ്ററുമായി
ഡോ.എം.ബാലൻ, ഡോ. പി.വി.കൃഷ്ണകുമാർ, ഡോ.എ.സി. ശ്രീഹരി തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ വെച്ച് നവമ്പർ നാലിന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മുൻ മന്ത്രി, കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക പ്രവർത്തൻ പി.വി.രാജൻ, അവനീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ, ട്രസ്റ്റ് ചെയർമാൻ ഡോ.പി.ഭാസ്കരൻനായർ എന്നിവർ ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സായന്ത് കെ, കൃഷ്ണജിത്ത് കെ SSLC, +2 ഉന്നത വിജയം നേടിയ കുട്ടികൾ, മുതിർന്ന കർഷകർ, സാംസ്കാരിക-സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കും.
വായനശാല സെക്രട്ടറി കെ.രാഘവൻ റിപ്പോർട് അവതരിപ്പിക്കും.ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തംഗം രാജൻ പൊയിനാച്ചി, ഡോ.വിനോദ് കുമാർ പെരുമ്പള, വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ, കെ.ജെ.ആൻ്റണി, കെ.വി.ഗോവിന്ദൻ, വായനശാല വൈസ് പ്രസിഡൻ്റ് സുലൈമാൻ ബാദുഷ എന്നിവർ സംസാരിക്കും. ട്രസ്റ്റ് സെക്രട്ടറി വി.രാമചന്ദ്രൻ സ്വാഗതവും, ട്രഷറർ സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറയും.
0 Comments