പാലക്കാട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തൽ. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് മരിച്ചത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ഹർഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് വിവരം.
യുവാവിൻറെ ബന്ധു കൂടിയാണ് കസ്റ്റഡിയിലുള്ള ഹക്കീം. ഹക്കീമടക്കം മൂന്ന് പേർ ചേർന്നാണ് കഴിഞ്ഞ ദിവസം ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെറ്റി വീണെന്നാണ് ഇവർ പറഞ്ഞത്. യുവാവ് മരിച്ചെന്ന് അറിഞ്ഞതോടെ ഹക്കീം മുങ്ങി. ഹർഷാദിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം. പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹക്കീം ഹർഷാദിനെ മർദ്ദിച്ചു. അവശനിലയിലായ ഹർഷാദ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
0 Comments