മുടി കൊഴിച്ചിലിൽ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസമാണ് കോഴിക്കോട് സ്വദേശിയായ പ്രശാന്ത് വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശാന്ത് മുടികൊഴിച്ചിന് ചികിത്സയിലായിരുന്നു. മുടികൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടറാണ് മരണത്തിന് ഉത്തരവാദിയെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുകയാണെന്നും കാണിച്ച് ഒക്ടോബർ ഒന്നിന് ഒരു കുറിപ്പ് എഴുതി വെച്ച് പ്രശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 2014 മുതൽ കോഴിക്കോട്ടെ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയതായും കുറിപ്പിൽ പറയുന്നു. ഡോക്ടർ നൽകിയ മരുന്നുകളും ഗുളികകളും കഴിച്ച ശേഷം പുരികവും മൂക്കിലെ രോമങ്ങളും ശരീരത്തിലെ രോമങ്ങളും പോലും കൊഴിയാൻ തുടങ്ങി. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ വീണ്ടും ഡോക്ടറെ സമീപിച്ചു. വീണ്ടും എല്ലാ മരുന്നുകളും കഴിച്ചു. എന്നാൽ ഒരു ഫലവും കണ്ടില്ല. 2020 വരെയാണ് ചികിത്സ തേടിയത്.
അത്തോളി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം പറഞ്ഞു. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമദൃഷ്ട്യാ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അത്തോളി എസ്.ഐ പറഞ്ഞു. അതേസമയം, പ്രശാന്തിന് കൃത്യമായ ചികിത്സ നൽകിയെന്നും വൃത്താകൃതിയിൽ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറയുന്നത്
0 Comments