കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ; വിട പറഞ്ഞത് പാണ്ഡിത്യത്തിന്റെ നിറകുടം

LATEST UPDATES

6/recent/ticker-posts

കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ; വിട പറഞ്ഞത് പാണ്ഡിത്യത്തിന്റെ നിറകുടം



കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‍ലിയാർ (ചെറിയ എ പി ഉസ്താദ്) വഫാത്തായി. ഇന്ന് (ഞായർ) പുലർച്ചെ 5.45നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് കാരന്തൂർ മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.


പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങിയ രംഗങ്ങളിൽ സുന്നി സമൂഹത്തിന് ഏറെ പ്രിങ്കരനായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമവും പ്രധാനിയുമായ ശിഷ്യനും  അദ്ദേഹത്തിന്റെ അധ്യാപന മേഖലകളിലെ സന്തത സഹചാരിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ കരുവ൯പൊയില്‍ ആണ് സ്വദേശം.


ചേക്കു ഹാജി – ആയിഷ ഹജ്ജുമ്മയുടെയും മൂത്തമകനായി ആലോൽ പൊയിൽ വീട്ടിൽ 1950 ലാണ് മുഹമ്മദ് മുസ്‍ലിയാർ ജനിക്കുന്നത്. അഞ്ചാംവയസ്സിൽ കരുവംപൊയിൽ സ്വിറാത്തുൽ മുസ്തഖീം  മദ്രസയിൽ നിന്ന് പഠനം തുടങ്ങി. തലപ്പെരുമണ്ണ, കരുവമ്പൊയിൽ, മങ്ങാട്ട്, കോളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രാഥമിക മത വിദ്യാഭ്യാസം നേടി. ശേഷം 1974 ന്റെ അവസാന ത്തിൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ  നിന്നും ബിരുദം നേടി.


കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർക്ക് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായി തുടക്കം. മൂന്നരപ്പതിറ്റാണ്ടു കാലം കാന്തപുരത്ത് മുദരിസായി സേവനം ചെയ്തു. പേരിന്റെ കൂടെ കാന്തപുരം എന്ന് ചേർത്തു പറയാനുള്ള കാരണവും കാന്തപുരത്തെ സുദീർഘമായ സേവനമാണ്. അസീസിയ്യ ദ൪സ് കോളേജാക്കി ഉയ൪ത്തിയപ്പോള്‍ വൈസ്‌ പ്രി൯സിപ്പലായ ശേഷം 2007ൽ കാരന്തൂർ മ൪കസിലേക്ക് മാറി. കാന്തപുരം ഉസ്താദിന്റെ അഭാവത്തിൽ നൂറു കണക്കിന് പണ്ഡിതർക്ക് വിശ്രുത സ്വഹീഹുൽ ബുഖാരി ഗ്രന്ഥം ഓതി കൊടുക്കുന്നത് അദ്ദേഹം ആയിരുന്നു.


കോഴിക്കോട്‌ താലൂക്ക്‌ എസ് എസ് എഫ് കമ്മിറ്റി, കൊടുവള്ളി സിറാജുല്‍ ഹുദായില്‍ വച്ച് രൂപീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറയുടെ സിക്രട്ടറിയാണ്. ഫത്‍വ കമ്മിറ്റി കൺവീനർ, സുന്നീ വിദ്യാഭ്യാസ ബോർഡ് ‌ പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.


ആശയ സംവാദങ്ങളില്‍ മുഖ്യപങ്കാളിയാണ് എ പി മുഹമ്മദ്‌ മുസ്ലിയാ൪. പൂനൂ൪, പുളിക്കല്‍, പട്ടാമ്പി, പെരുമ്പാവൂ൪, കൊട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സംവാദങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഏറണാകുളം, പൊന്നാനി, വടക്കാഞ്ചേരി, കോഴിക്കോട്‌ എന്നീ കോടതികളില്‍ ഖാദിയാനികളുടെ ഖബ൪സ്ഥാ൯, ഖുതുബ പരിഭാഷ (മുക്കുതല), ജാറം സ്ഥിരപ്പെടുത്തല്‍ (വടകാഞ്ചേരി), വഖഫ്‌ സ്വത്ത്‌ നിലനിര്ത്തപല്‍ (വെള്ളിയഞ്ചേരി) എന്നീ കാര്യങ്ങള്ക്ക് വേണ്ടി ഹാജരായി. കുറ്റമറ്റ വിഷയാവതാരകനാണ്. കൊട്ടപ്പുറത്തതടക്കം നിരവധി സംവാദങ്ങളില്‍ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമാക്കിയതില്‍ ആ പ്രസംഗവൈഭവത്തിന് പങ്കുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും ഫത്‌വകളും അടക്കം എഴുത്തു രംഗത്തും സജീവമായിരുന്നു.


ഭാര്യ : സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുള്ള റഫീഖ്, അൻവർ സാദിഖ് സഖാഫി, അൻസാർ, മുനീർ, ആരിഫ, തഷ്‌രീഫ.


ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

0 Comments