10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി കടിച്ചുവലിച്ചുകൊണ്ടുപോയി കൊന്നു

LATEST UPDATES

6/recent/ticker-posts

10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി കടിച്ചുവലിച്ചുകൊണ്ടുപോയി കൊന്നു
ഉത്തര്‍പ്രദേശില്‍  കാടുകാണാനിറങ്ങിയ 10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി ആക്രമിച്ചു കൊന്നു. വീടിനു സമീപത്തെ ചെറിയ കാട് കാണാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ബാലനെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്ന ബാലനെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍, ജീവന്‍ പോയതിനാലാകണം പുലി ബാലനെ അവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അമ്മയുടെ മുന്നിലൂടെയാണ് പുലി ബാലനെ കടിച്ചുകൊണ്ടുപോയത്. 


ബല്‍റാംപൂര്‍ ജില്ലയിലെ സുഹെല്‍വ വന്യജീവി സങ്കേതത്തിന് സമീപം വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. വീടിനു സമീപത്തെ കാട് കാണാന്‍ ഇറങ്ങിയ മജ്ഗവാന്‍ ഗ്രാമത്തിലെ സന്ദീപ് എന്ന 10 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. 


വീടിനു സമീപത്തു നിന്നു തന്നെയാണ് പുലി സന്ദീപിനെ ആക്രമിച്ചത്. വീടിന് സമീപത്തു തന്നെയുള്ള ഒരു മരത്തിന്റെ പിന്നിലായിരുന്നു പുലി പതുങ്ങിയിരുന്നത്. സന്ദീപ് പുറത്തിറങ്ങിയതും പുലി അവന്റെ മേല്‍ ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ നട്ടെല്ല് പൂര്‍ണ്ണമായും തകര്‍ന്നു. സന്ദീപിന്റെ കരച്ചില്‍ കേട്ട് അമ്മ വീടിന് പുറത്ത് എത്തിയപ്പോള്‍ കണ്ടത് പുലി മകനെ കടിച്ചു വലിച്ച് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് പോകുന്നതാണ്. അമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരുടെ പരിശോധനയില്‍ കുട്ടിയെ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.


സുഹെല്‍വ വന്യജീവി സങ്കേതത്തില്‍ നിന്നും പുറത്തു ചാടിയ പുലിയാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടത്തിയത്. പുലിയെ പിടികൂടി തിരികെമൃഗശാലയിലേക്ക് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര കുമാര്‍ പറഞ്ഞു.  വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ താമസക്കാര്‍ക്കായി പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  രാത്രിയില്‍ കുട്ടികളെ തനിച്ചാക്കരുതെന്നും വീടിന് ചുറ്റുമുള്ള പ്രദേശങ്ങള്‍  നല്ല വെളിച്ചവുമുള്ളതാക്കണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം സെം മാരന്‍ ഗ്രാമവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുലിയെ കണ്ടെത്തുന്നതിനായി വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. വനങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ ,  വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ സമാന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവയില്‍ കുട്ടികളാണ് വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നതില്‍ അധികവും

Post a Comment

0 Comments