കലാസ്വാദനത്തിന്റെ പരകോടിയിലെത്തി; ബേക്കല്‍ ജനസാഗരം

LATEST UPDATES

6/recent/ticker-posts

കലാസ്വാദനത്തിന്റെ പരകോടിയിലെത്തി; ബേക്കല്‍ ജനസാഗരം



 ബേക്കൽ: ബേക്കലിന്റെ തീരം ശാന്തസുന്ദരമാണിപ്പോള്‍.. തിരമാലയുടെ ശബ്ദത്തിനൊപ്പം കലാസ്വാദനത്തിന്റെ പരകോടിയിലെത്തുന്ന സംഗീത നിശയുടെയും താളത്തിനൊത്ത് കടലിനിപ്പുറം രൂപം കൊള്ളുന്ന ജനസാഗരം കടല്‍ക്കാറ്റേറ്റ് ഒഴുകി നടക്കുകയാണ്. രാജ്യത്താദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ അക്ഷരാര്‍ത്ഥത്തില്‍ മഹോത്സവമായി മാറുകയാണ്. ആദ്യ ദിനം കാല്‍ ലക്ഷം പേരെത്തിയ മേളയില്‍ രണ്ടാം ദിനത്തിലെത്തിയത് ഒരു ലക്ഷത്തിനടുത്ത് കാണികള്‍. ക്രിസ്മസും അവധി ദിനവും ഒരുമിച്ച് എത്തിയത് കാസര്‍കോടന്‍ ജനത ആഘോഷമാക്കി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി നിര്‍മല്‍ പാലാഴിയും സംഘവും അരങ്ങ് നിറഞ്ഞപ്പോള്‍ മാന്ത്രികതയുടെ മായാലോകവുമായി രാജ് കലേഷും ഗംഭീരമാക്കിയപ്പോള്‍ ജനങ്ങള്‍ ഇളകി മറിഞ്ഞു.

ചിരിപ്പൂരമായി കലാവിരുന്ന്

അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മനോഹാരിത ആസ്വദിക്കാന്‍ എത്തിയ കലാസ്വാദകര്‍ക്ക് വേറിട്ട കലാ വിരുന്നൊരുക്കി രാജ് കലേഷും സംഘവും ഒപ്പം നിര്‍മ്മല്‍ പാലാഴിയും കോഴിക്കോട് നിന്നുള്ള വി ഫോര്‍ യു കലാകാരന്മാരും. കടലോളം ആവേശം നിറച്ച മായാജാലക്കാഴ്ച്ചകളും പതിനായിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളും, അടിപൊളി പാട്ടുകളും ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളും ചോദ്യോത്തരവേളകളും ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്മസ് രാവില്‍ ബേക്കല്‍ ഉത്സവ ഭൂമിയായി.

മലപ്പുറത്തു നിന്നുള്ള കലാകാരന്‍ റിനീഷിന്റെ വയലിന്‍ പ്രകടനത്തോടുകൂടിയാണ് രണ്ടാം ദിനത്തിലെ കലാപരിപാടികള്‍ ആരംഭിച്ചത്. പിന്നീട് മലയാളത്തിന്റെ പ്രിയങ്കരനായ കല്ലുവിന്റെ മാന്ത്രിക പെട്ടിയില്‍ നിന്നും വന്നത് വിസ്മയങ്ങള്‍. ചലച്ചിത്രതാരവും നര്‍മ്മത്തിന്റ് രാജാവുമായ നിര്‍മ്മല്‍ പാലാഴിയും കൂടി ചേര്‍ന്നപ്പോള്‍ പരിപാടി വേറെ ലെവല്‍ ആയി. സന്തോഷത്തിന്റെ പൊട്ടിച്ചിരികളും ആനന്ദത്തിന്റെ കയ്യടികളും കൂടി ചേര്‍ന്നപ്പോള്‍ ആഘോഷരാവ് മികവുറ്റതായി.

Post a Comment

0 Comments