ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് പിടിയിലായ യുവതിയുടെ മൊഴി. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട് സ്വദേശി ഷഹല(19) അറസ്റ്റിലായിരുന്നു.
മണിക്കൂറുകളോളം ചോദ്യംചെയ്യലിനു ശേഷമാണ് ഷഹല കുറ്റം സമ്മതിച്ചത്. താന്‍ സ്വര്‍ണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയില്‍ സ്വര്‍ണമുണ്ടെന്നോ ഒരുഘട്ടത്തില്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.
സംശയം തോന്നി യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാല്‍ ലഗേജുകളില്‍നിന്ന് സ്വര്‍ണം കണ്ടെത്താത്തതിനെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്തനിലയില്‍ കണ്ടെത്തിയത്.
മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. അതേസമയം, ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.
0 Comments