ടി.ഇ.അബ്ദുള്ള സാഹിബ് ജന ഹൃദയം കീഴടക്കിയ വ്യക്തിത്വം; ബഷീർ ചിത്താരി

LATEST UPDATES

6/recent/ticker-posts

ടി.ഇ.അബ്ദുള്ള സാഹിബ് ജന ഹൃദയം കീഴടക്കിയ വ്യക്തിത്വം; ബഷീർ ചിത്താരി





കാസർഗോഡിന്റെ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നീണ്ട കാലം സ്നേഹ സൗഹാർദ്ദം കൊണ്ടും കാരുണ്ണ്യ സ്പർശവുമായി നിറഞ്ഞ മുസ്ലിം ലീഗ് നേതാവ് ടി.ഇ.അബ്ദുള്ള സാഹിബിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ നമ്മുടെ  നാടിനെ അനാഥമാക്കിയിരിക്കുന്നു. നാടിനെ സേവിക്കാൻ ഒരു പദവിയും ആവശ്യമില്ല എന്ന ധാരണയിൽ പൊതു ജീവിതം ആരംഭിച്ച ടി.ഇ സമൂഹത്തിന് അനിവാര്യ ഘട്ടങ്ങളിൽ എല്ലാം തന്റെ സാന്നിധ്യം കൊണ്ടും സമയം കൊണ്ടും വിലപ്പെട്ട ഉപദേശ നിർദേശങ്ങൾ കൊണ്ടും മുസ്ലിം ലീഗ് പാർട്ടിയെ സജീവമാക്കിയ വ്യക്തിത്വമായിരുന്നു. മുസ്ലിം ലീഗിന്റെ ഉറ്റ തൊഴനായ ടി.എ ഇബ്രാഹിം സാഹിബിന്റെ മകനായത് കൊണ്ട് തന്നെ ആ രക്തത്തിൽ പിതാവിന്റെ സർവ്വ ഗുണഗണങ്ങളും അലിഞ്ഞു ചേർന്നിരുന്നു.

പത്തു വർഷത്തോളം കാസറഗോഡ് നഗരത്തിന്റെ പിതാവിന്റെ ഉത്തരവാദിതങ്ങൾ മികവാർന്ന രീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചത് സേവന പാതയിൽ പൊൻതൂവലായി വിലയിരുത്തപ്പെടും.

നല്ലൊരു വായന ശീലം ചെറുപ്പത്തിൽ തന്നെ ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്ന അബ്ദുള്ള സാഹിബ് വായിക്കാത്ത ഗ്രന്ഥങ്ങൾ വിരളമായിരിക്കും എന്ന് തന്നെ പറയാം. പരന്ന വായന കൊണ്ട് നേടിയ അറിവുകൾ പലർക്കും പലപ്പോഴും വഴി കാട്ടിയായും വെളിച്ചം പകർന്ന പ്രകാശമായും അനുഭവിച്ചവർ നിരവധി.വായനയിലൂടെ കരുത്താർജിച്ചത്  കൊണ്ടാണോ അതോ അതിലൂടെ നേടിയ പക്ക്വത കൊണ്ടോ ആവാം അബ്ദുള്ള സാഹിബ് അധികം വാചാലകൻ ആയിരുന്നില്ല എന്ന് പറയാം. കാര്യമാത്ര പ്രസക്തമായ സംസാര ശൈലി ആയിരുന്നു അദ്ദേഹത്തിന്റെത്. ചിലപ്പോഴെങ്കിലും ആളുകൾ തെറ്റിദ്ധരിക്കാനും സാധ്യത  ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ ആദരണീയരായ മുൻകാല നേതാക്കളുമായി നല്ല ആത്മ ബന്ധം കാത്ത് സൂക്ഷിച്ചതോടൊപ്പം ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങൾ തുടങ്ങി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.രാഷ്ട്രീയ ചരിത്രവും നേതാക്കളുടെ ജീവ ചരിത്രവും വിജ്ഞാനപ്രദമായ വിവരങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

പാർട്ടിയെ ഒത്തൊരുമയോടെ നയിക്കുന്നതിൽ എന്നും മന്ദസ്മിത്തം ചൊരിയുന്ന ആ ചാരുതയ്ക്ക് നിഷ്പ്രയാസം കഴിയുമായിരുന്നു. പാർട്ടി പ്രവർത്തകർക്ക്, അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വലിയ ആത്മ ധൈര്യവും സംതൃപ്തിയും നൽകുന്ന പ്രകാശമായിരുന്നു.

മുസ്ലിം ലീഗ് മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് സൗത്ത് ചിത്താരിയിൽ പങ്കെടുത്ത  ചായ സൽക്കാരം ഈ അവസരത്തിൽ ഓർമ വരികയാണ്.

സ്നേഹ സൌമ്യമായ പെരുമാറ്റം കൊണ്ടും വിശാലമായ കാഴ്ചപ്പാട് കൊണ്ടും കാസർഗോഡിനെ സ്നേഹിച്ച സേവിച്ച ടി.ഇ അബ്ദുള്ള സാഹിബിനെ കാസർഗോഡിന്റ ജന മനസ്സുകളിൽ വർഷങ്ങളോളം ജീവിക്കും എന്നതിൽ സംശയമില്ല.


ബഷീർ ചിത്താരി.

Post a Comment

0 Comments