പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ; ആര്‍.എ.ആര്‍.എസ് സഫലം ഫാം കാര്‍ണിവല്‍ 2023 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ; ആര്‍.എ.ആര്‍.എസ് സഫലം ഫാം കാര്‍ണിവല്‍ 2023 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 പിലിക്കോട്: ശാസ്ത്രീയ കൃഷിരീതിയിലൂടെ പരമാവധി വരുമാനത്തിന് കര്‍ഷകരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സഫലം ഫാം കാര്‍ണിവല്‍-2023  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷികവൃത്തിയിലെ നൂതന സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ വികാസത്തെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുന്നതിനുമാണ് ഈ കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതികമാതൃകകള്‍ കൃഷിയിടത്തില്‍ത്തന്നെ ചെയ്തു കാണിച്ചുകൊടുക്കുന്നു എന്നതാണ് ഈ കാര്‍ണിവലിന്റെ പ്രത്യേകത. ആ നിലയ്ക്ക് ഈ പ്രദേശത്തിന്റെയും കേരളത്തിന്റെയാകെയും കാര്‍ഷികമുന്നേറ്റത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ ഈ മേളയ്ക്കു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കൃഷി നടത്തുക, വിളവെടുപ്പ് നടത്തുക, വിപണനം ചെയ്യുക എന്നതിനപ്പുറത്തേക്ക് നമ്മുടെ കാര്‍ഷികരംഗത്തിന് വളരാന്‍ കഴിയണം. അത്തരത്തില്‍ കേരളത്തിന്റെയാകെ സമഗ്ര കാര്‍ഷികനവീകരണ ത്തിനുതകുന്ന സംഭാവനകള്‍ ഈ ഫാം കാര്‍ണിവലിലൂടെ ഉണ്ടാകണം. ലോകത്ത് ഉയര്‍ന്നുവരുന്ന അഗ്രി ബിസിനസ്സ് വിപണിയുടെ സാധ്യതകള്‍ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും കഴിയണം. കൂടുതല്‍ വിപണി ലഭ്യമാകുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. അങ്ങനെയൊക്കെയാണ് കാര്‍ഷികനവീകരണത്തിന്റെ അടുത്ത പടവിലേക്ക് നാം കടക്കുക.

അതോടൊപ്പം നൂതന കൃഷിരീതികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുടെ സാധ്യതകളും കാര്‍ഷികമേഖലയ്ക്കു വേണ്ടി പ്രയോജനപ്പെടുത്തണം. പുതിയ കാലത്ത് ഉയര്‍ന്നുവരുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളെ നേരിടാനും അതിനനുസരിച്ച് കൃഷിരീതികള്‍ക്ക് മാറ്റം വരുത്താനും നമ്മുടെ കാര്‍ഷികമേഖലയ്ക്ക് കഴിയണം. ഇത്തരത്തില്‍ കാര്‍ഷികമേഖലയെ നവീകരിക്കാനുള്ള ബഹുമുഖവും ദീര്‍ഘവീക്ഷണ ത്തോടെയുള്ളതുമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്.


നെല്‍വയല്‍ ഉടമകള്‍ക്കായി റോയല്‍റ്റി നടപ്പാക്കിയതും നാളികേര വികസന കൗണ്‍സില്‍ ആരംഭിച്ചതും കാര്‍ഷിക വിജ്ഞാനവ്യാപനം കാര്യക്ഷമമാ ക്കുന്നതിനായി ബ്ലോക്കുതല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്. കാര്‍ഷികരംഗത്തെ യന്ത്രവത്ക്കരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനാണ് യന്ത്രവത്കൃത മിഷന് തുടക്കമിട്ടത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനായി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി മാതൃകാപരമായ ഒന്നായിരുന്നു. വയനാട് ജില്ലയില്‍ പച്ചക്കറികള്‍ക്കും പൂക്കള്‍ക്കും വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും തറവില പ്രഖ്യാപിച്ചു.


കൃഷിനഷ്ടം സംഭവിക്കുന്നതിനുള്ള വര്‍ധിച്ച സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിവരികയാണ്. ഇതിനെല്ലാം പുറമെയാണ് കാര്‍ഷികമേഖലയിലെ ഗവേഷണവും വിജ്ഞാന വ്യാപനവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയത്. തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, വികസനം, വാണിജ്യപരമായ പ്രയോഗം എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തെ ഇടപെടലുകളാണ്. ഈ എല്‍ ഡി എഫ് സര്‍ക്കാരാകട്ടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഏറ്റെടുക്കുകയാണ്.

കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റാക്കി കണക്കാക്കി ശാസ്ത്രീയ കൃഷിരീതികളിലൂടെ പരമാവധി വരുമാനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൃഷിഭവനുകളെയടക്കം സ്മാര്‍ട്ട് സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ആ മേഖലയിലേക്കു മാത്രം പരിമിതപ്പെട്ടു നില്‍ക്കുന്നില്ല എന്നുറപ്പു വരുത്തിക്കൊണ്ട് ഉന്നതവിദ്യാഭ്യാസം, ഗവേഷണം, സഹകരണം, വ്യവസായം തുടങ്ങി വിവിധ മേഖലകളുമായി അതിനെ ബന്ധിപ്പിച്ച് മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടുതല്‍ കരുത്തുപകരാന്‍ ഉതകുന്നതാവണം ഫാം കാര്‍ണിവല്‍ പോലെയുള്ള പരിപാടികള്‍.  ഇത്തവണത്തെ സംസ്ഥാന ബജറ്റിലും കാര്‍ഷികമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലുകള്‍കൊണ്ടു മാത്രം കൈവരിക്കാനാവുന്നതല്ല കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ച. സുസ്ഥിര കാര്‍ഷിക വികസനം കൈവരിക്കുന്നതിനുള്ള സമീപനം കര്‍ഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകണം. കുറഞ്ഞ ഉത്പാദനക്ഷമത, ഉയര്‍ന്ന ഉത്പാദന ചിലവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം, കാര്യക്ഷമമല്ലാത്ത യന്ത്രവത്ക്കരണം, കേന്ദ്രീകൃതമല്ലാത്ത വിതരണ ശൃംഖല, കാര്യക്ഷമമല്ലാത്ത സംഭരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നവയാണ്. ഇത്തരം പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവയെ മറികടക്കാന്‍ വേണ്ട ഇടപെടലുകള്‍ കൂട്ടായി നടത്താനും കഴിയണം. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ചും മൂല്യശൃംഖലകള്‍ സൃഷ്ടിച്ചും കാര്‍ഷിക മേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും ആധുനിക കൃഷിരീതികള്‍ സ്വീകരിച്ചുമെല്ലാം കാര്‍ഷിക മേഖലയുടെ മുന്നേറ്റം ഉറപ്പുവരുത്താന്‍ കഴിയണം. അങ്ങനെ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനും കഴിയേണ്ടതുണ്ട്. അത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഊര്‍ജ്ജം പകരുന്നതാകട്ടെ ഈ ഫാം കാര്‍ണിവലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കേരൾ അഗ്രോ ഓൺലൈൻ സംവിധാനം വഴി മാർച്ച് 31 നകം 100 കാർഷികോല്പന്നങ്ങ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. 65 ഉൽപ്പന്നങ്ങൾ ഇതിനകം ഓൺലൈൻ വിപണിയിലെത്തി. സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായാണിത്. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് കൃഷി വകുപ്പ് മുന്നോട്ട് പോകുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമായി. കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ലോകവിപണയിലേക്ക് എത്തിക്കാനായി കേരള അഗ്രോ ബിസിനസ് കമ്പനി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.


വിവിധ കൃഷിയിട പ്രദര്‍ശനങ്ങള്‍, വിവിധ സസ്യമാതൃക തോട്ടങ്ങള്‍, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ വൈവിധ്യത പ്രദര്‍ശിപ്പിക്കുന്ന ബയോപാര്‍ക്കുകള്‍, സെല്‍ഫി പോയന്റ്, ശീതകാല പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗ വിളകളുടെയും ഔഷധങ്ങളുടെയും ശേഖരങ്ങള്‍, ശാസ്ത്രപ്രദര്‍ശനം, പുഷ്പ-ഫലപ്രദര്‍ശനം, കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍, വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനം, ബയോഫാര്‍മസി, ടെക്നോളജി പ്രദര്‍ശനം, ഐ.എസ്.ആര്‍.ഒയുടെ സ്പെയ്സ് ഓണ്‍ വീല്‍സ്, വിവിധ അഗ്രോ നഴ്സറികള്‍, യോഗ മെഡിറ്റേഷന്‍ സംവിധാനങ്ങള്‍, വിവിധ കലാപരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ടുകള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനമേള, നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വിവിധ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തി നൂറോളം സ്റ്റാളുകളും ആര്‍.എ.ആര്‍.എസ് ഫാം ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. എം.രാജഗോപാലന്‍ എം.എല്‍.എ ആര്‍.എ.ആര്‍.എസ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനന്‍ എം.എല്‍.എ കാര്‍ഷിക പരിശീലനങ്ങളുടെയും കാര്‍ഷിക സെമിനാറുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി.എസ്.സിന്ധുകുമാരി, ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ടി.വനജ, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി, കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.സക്കീര്‍ ഹുസൈന്‍, കാര്‍ഷിക സര്‍വ്വകലാശാല കംപ്ട്രോളര്‍ വി.ചന്ദ്രന്‍, കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്‌മണ്യന്‍, ഡോ.ജേക്കബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, സര്‍വകലാശാലയിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments