മുസ്ലിംലീഗിന്റെ ജില്ലയിലെ ബഹുജന അടിത്തറ കൂടുതല്‍ ശക്തമാക്കും: കല്ലട്ര മാഹിന്‍ ഹാജി

LATEST UPDATES

6/recent/ticker-posts

മുസ്ലിംലീഗിന്റെ ജില്ലയിലെ ബഹുജന അടിത്തറ കൂടുതല്‍ ശക്തമാക്കും: കല്ലട്ര മാഹിന്‍ ഹാജി



കാഞ്ഞങ്ങാട്: മുസ്ലിംലീഗിന്റെ ജില്ലയിലെ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് തന്നെ മലപ്പുറം ജില്ല കഴിഞ്ഞാല്‍ കൂടുതല്‍ എം.എല്‍.എമാരടക്കമുള്ള ലീഗ് ശക്തി കേന്ദ്രമായ ജില്ലയാണ് കാസര്‍കോട് . ഇനിയും ഇതില്‍ കൂടുതല്‍ വളര്‍ച്ച എന്ന ലക്ഷ്യമാണ് മുമ്പിലുള്ളത്. അതിനുള്ള ശ്രമങ്ങള്‍  വരും ദിനങ്ങളില്‍ ശക്തമായ രൂപത്തില്‍ നടക്കും. കഴിഞ്ഞ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ കാലയളവില്‍  ജില്ലയില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയായി മുസ്ലിംലീഗ് വളര്‍ന്ന കാഴ്ചയാണ് കണ്ടത്. അമ്പതിനായിരത്തലധികം മെമ്പര്‍മാര്‍ ആ കാലയളവില്‍ കൂടിയിരുന്നു. അത് ഇനിയും ശക്തി പകരാനുളള ശ്രമങ്ങളുണ്ടാവും. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലയോട് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണ കാലത്ത്  കടുത്ത അവഗണനയാണ് കാണിച്ചത്. പൂര്‍ത്തിയായിട്ട് പോലും അമ്മയും കുഞ്ഞും ആസ്പത്രി കാഞ്ഞങ്ങാട്ട്  പ്രവര്‍ത്തനം തുടങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണ കാലത്ത് ജില്ലയ്ക്ക് ലഭിച്ച മെഡിക്കല്‍ കോളേജ് സംവിധാനവും കുറ്റമറ്റ രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ ഈ സര്‍ക്കാറിന് കഴിയുന്നില്ല. ജില്ലയുടെ ആരോഗ്യ പിന്നോക്കവസ്ഥ കോവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയടച്ച സമയത്ത് പിടഞ്ഞ് മരിച്ച വൃക്ക രോഗികളിലൂടെ നമ്മളെല്ലാം കണ്ടതാണ്. ഇത്തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് സംവിധാനത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും  യോജിച്ച് മറ്റ് ഘടക കക്ഷകളെ കൂടി അണി നിരത്തി പ്രക്ഷോഭങ്ങളുണ്ടാവും. കുടാതെ ബജറ്റില്‍ പോലും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിച്ച് ധൂര്‍ത്ത് നടത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ കൊള്ളരുതായ്മക്കെതിരെയും സമരങ്ങളുണ്ടാവും. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും പ്രതിരോധങ്ങള്‍ തീര്‍ക്കാനും മുസ്ലിംലീഗ്  മുന്നിലുണ്ടാവും. സംസ്ഥാനത്ത് ഇത്തരത്തില്‍ മുസ്ലിംലീഗ് ഉയര്‍ത്തുന്ന പ്രതിരോധമാണ് കാസര്‍കോടും മഞ്ചേശ്വരത്തും ബി.ജെ.പിക്ക് നിയമസഭയില്‍ പ്രതിനിധികളെ അയക്കാന്‍ കഴിയാതെ പോയതിന് കാരണമെന്ന് കൂടി ഓര്‍ക്കുക.ജില്ലയില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ നടക്കുന്ന സി.എച്ച് സെന്ററുകള്‍ അടക്കമുള്ളവ കൊണ്ട് നടത്തപ്പെടുന്ന സേവന രാഷ്ട്രീയം കൂറെ കൂടി ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ട് പോകും. പരേതരായ എ.പി അബ്ദുല്ല മുതല്‍ കെ.എസ്. അബ്ദുല്ല, ചെര്‍ക്കളം അബ്ദുല്ല തുടങ്ങി ടി.ഇ അബ്ദുല്ല വരെയുള്ള സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ എടുത്ത് കാണിക്കാവുന്ന പ്രമുഖ മുസ്ലിംലീഗ് നേതാക്കളിരുന്ന കസേരയിലാണ് കാസര്‍ കോട് ജില്ലാ മുസ്ലിംലിഗീന്റെ പ്രസിഡന്റ് പദവി എന്നത്. ആ പദിവിയാണ് ഏറ്റടുത്തിരിക്കന്നത് എന്ന ബോധ്യത്തോടെ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള എല്ലാവരോടും വരും കാല പ്രവര്‍ത്തനങ്ങളില്‍ പിന്തുണ അഭ്യര്‍ഥിക്കുന്നു.  ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷന്മാരായ അഡ്വ.എന്‍.എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍, ട്രഷറര്‍ സി.കെ റഹ്മത്തുള്ള ,മുനിസിപല്‍ പ്രസിഡന്റ്  അബ്ദുറസാഖ് തായിലക്കണ്ടി, ജന.സെക്രട്ടറി കെ.കെ ജാഫര്‍  എന്നിവരും സംബന്ധിച്ചു. മീറ്റ് ദ ്പ്രസില്‍ പ്രസ് ഫോറം പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ജന.സെക്രട്ടറി ജോയ് മാരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫസലുറഹ്മാന്‍ നന്ദിയും പറഞ്ഞു. ജോ.സെക്രട്ടറി കെ.എസ് ഹരി ബൊക്കയും നല്‍കി.

Post a Comment

0 Comments