2018 ൽ ഹജ്ജ് കർമ്മം നടത്തിയ 413 ഹജ്ജാജിമാർ ഹജ്ജ് മബ്റൂർ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

2018 ൽ ഹജ്ജ് കർമ്മം നടത്തിയ 413 ഹജ്ജാജിമാർ ഹജ്ജ് മബ്റൂർ സംഗമം നടത്തി

 


ബേക്കൽ : 2018 ൽ ഹജ്ജ് കർമ്മം നടത്തിയ 413 ഹജ്ജാജിമാർ ബേക്കൽ റെഡ്മൂൺ ബീച്ചിൽ ഹജ്ജ് മബ്റൂർ സംഗമം നടത്തി. ഹജ്ജ് വളണ്ടിയർ സൈഫുദ്ദീൻ ഹാജി എം ടി പി സ്വാഗതം പറഞ്ഞു. മുഹമ്മദ് ഹാജി വി എം  വളണ്ടിയർ അധ്യക്ഷത വഹിച്ചു. പാണക്കാട് മൊഈനലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്  വൺ ഫോർ അബ്ദുൽ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.'വിടപറയും മുമ്പേ...' എന്ന വിഷയത്തെ ആസ്പദമാക്കി കാസർഗോഡ് ജില്ല വനിതാ ലീഗ് സെക്രട്ടറിയും കൊളവയൽ  നിസ് വ കോളേജ് പ്രിൻസിപ്പലും ആയ ആയിഷ ഫർസാന മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചിരിക്കുമ്പോൾ ഒന്നിച്ചിരിക്കാനോ സ്നേഹം പ്രകടിപ്പിക്കാനോ  സമയമില്ലാത്ത നമ്മൾ, മരിച്ചു കഴിഞ്ഞാൽ അവരോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതാനും പറയാനും തമ്മിൽ മത്സരിക്കുന്നതാണ് ഇന്നിന്റെ മനുഷ്യരെന്ന്  അവർ പറഞ്ഞു.തണുത്തുറഞ്ഞ ശരീരത്തിനോടുള്ള സ്നേഹ പ്രകടനങ്ങളല്ല ചുറ്റുമുള്ളവർക്ക് വേണ്ടത്. തനിക്ക് ചുറ്റുമുള്ളവരോട്  നല്ല വാക്ക് പറയാൻ കഴിയാത്ത സ്നേഹത്തോടെ പുഞ്ചിരിക്കാൻ കഴിയാത്ത ശരീരത്തിന്റെ ഇബാദത്തുകൾ സൃഷ്ടാവിന് ആവശ്യമില്ല. നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ, ആ വേദനയ്ക്ക് ജാതിയില്ല മതമില്ല. അതുകൊണ്ടുതന്നെ, പിരിയും മുമ്പേ  ഓരോ മനസ്സിലും  സ്നേഹത്തിന്റെ വിത്തുപാകാൻ കഴിയുന്നവനാണ്  ഏറ്റവും നല്ല മനുഷ്യൻ. ഉള്ളവനിലേക്ക് നോക്കി നിരാശയോടെ നെടുവീർപ്പിടാതെ ഇല്ലാത്തവനിലേക്ക് നോക്കി നന്ദിയുള്ളവൻ ആകുവാൻ കഴിയണമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് ആയിഷ ഫർസാന  പറഞ്ഞു. രണ്ടാമത്തെ സെഷൻ  ലഹരിമുക്ത ബോധവൽക്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീനാഥ് പി ആർ ക്ലാസ് എടുത്തു. ഡോ : നാസർ ഹാജി പാലക്കാട് കെ എ, ഷാജി മുഹമ്മദ് ഹാജി തിരുവനന്തപുരം,  അബ്ദുറഹ്മാൻ ഹാജി തിരൂർ,വൈ. മുഹമ്മദ് അലി ഹാജി കൊല്ലം, സെയ്തലവി ഹാജി തിരൂർ, ഡോ. ഹസീന പാലക്കാട്, ആയിഷ വയനാട്, ഷാഹുൽഹമീദ് ഹാജി വേങ്ങര എന്നിവർ സംസാരിച്ചു. ഖാലിദ് അറബിക്കാടത്ത് നന്ദി പറഞ്ഞു.

Post a Comment

0 Comments