കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നാളെ പ്രവര്‍ത്തനമാരംഭിക്കും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നാളെ പ്രവര്‍ത്തനമാരംഭിക്കും

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് 31ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം എന്നീ ഒ.പി. സേവനങ്ങള്‍ ലഭ്യമാക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിന്റെ സേവനവും ഐപിയും മാര്‍ച്ച് 31ന് തന്നെ ആരംഭിക്കും. ഇതിനായി 3 ഗൈനക്കോളജിസ്റ്റുകള്‍, 2 പീഡിയാട്രീഷ്യന്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


സിവില്‍, ഇലട്രിക്കല്‍ ജോലികള്‍, പ്ലമ്പിംഗ്, ഗ്യാസ് പൈപ്പ്‌ലൈന്‍ എന്നിവ പൂര്‍ത്തിയാക്കി ഫയര്‍ എന്‍ഒസി, കെട്ടിട നമ്പര്‍ എന്നിവ ലഭ്യമാക്കിയാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. നിലവില്‍ 90 കിടക്കകളോട് കൂടിയ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ ന്യൂ ബോണ്‍ ഐ സി യൂ, അമ്മമാര്‍ക്കും ഗര്‍ഭിണി കള്‍ക്കുമുള്ള ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ് (എച്ച്.ഡി.യു.), മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.


സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി.


ആശുപത്രി അണുവിമുക്തമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി സാമ്പിള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഐസിയു എന്നിവ പ്രവര്‍ത്തനമാരംഭിക്കും.


കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാര്‍ഡിയോളജിസ്റ്റിനെ അനുവദിച്ചു. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി. സിസിയു, ഇഇജി മെഷീന്‍ സ്ഥാപിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിച്ചു. ന്യൂറോളജി, നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപികളും മറ്റെല്ലാ സ്‌പെഷ്യാലിറ്റി ഒപികളും ആരംഭിച്ചു. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നത്. ഇത് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments