ലീഗല്‍ മെട്രോളജി പരിശോധന തുടരുന്നു; 1730 കേസുകളിലായി 16,96,500 രൂപ പിഴ ഈടാക്കി

ലീഗല്‍ മെട്രോളജി പരിശോധന തുടരുന്നു; 1730 കേസുകളിലായി 16,96,500 രൂപ പിഴ ഈടാക്കി

 


കാസർകോട്  ; സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളില്‍ അളവ് തൂക്ക നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിവരുന്ന 'പൂര്‍ണ്ണത' പരിശോധനയും, ഇന്ധന വിതരണ  കേന്ദ്രങ്ങളില്‍ (പെട്രോള്‍ പമ്പുകള്‍) നടത്തുന്ന 'ക്ഷമത' പരിശോധനയും തുടരുന്നു. കാസർകോട്  ജില്ലയില്‍ മാര്‍ച്ച് രണ്ട് മുതല്‍ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന ആരംഭിച്ചത്.


ജില്ലയില്‍ ഈ മാസം (മാര്‍ച്ച് ) ആകെ 433 വ്യാപാര സ്ഥാപനങ്ങളിലും 14 ഇന്ധന വിതരണ കേന്ദ്രങ്ങളിലും ആദ്യഘട്ട പരിശോധന നടത്തി. 82 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.  അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുന്നതും, അളവില്‍ കുറവ് നല്‍കുന്നതും, പാക്കേജ് ചെയ്ത ഉത്പന്നങ്ങളിലെ വിപണനയില്‍ നടത്തുന്ന നിയമലംഘനങ്ങള്‍  കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പരിശോധന.  


ഈ സാമ്പത്തിക വര്‍ഷം (2022-23) ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പ്രത്യേക പരിശോധനകളില്‍ കണ്ടെത്തിയ കേസുകള്‍ ഉള്‍പ്പെടെ ആകെ 1730 കേസുകളിലായി 16,96,500 രൂപ പിഴ ഈടാക്കി. പാക്കേജ് ഉത്പന്നങ്ങളില്‍ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തത്, അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാത്തതിനും, അളവില്‍ കുറവ് നല്‍കിയതിനും, പാക്കേജ് ഉത്പന്നത്തിന്റെ എം.ആര്‍.പി. യേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments