LATEST UPDATES

6/recent/ticker-posts

നവവരന്റെയും സഹോദരന്റെയും മരണത്തിനിടയാക്കിയ 'ഹോം തിയേറ്റര്‍' സമ്മാനിച്ചത് വധുവിന്റെ മുന്‍ കാമുകന്‍

 



വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍‌ വഴിത്തിരിവ്. വധുവിന്‍റെ മുന്‍ കാമുകന്‍ വിവാഹ സമ്മാനമായി നല്‍കിയ ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ചാണ് ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ  ഹേമേന്ദ്ര മെരാവി എന്ന  22 കാരനും ഇയാളുടെ സഹോദരനും കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.


തിങ്കളാഴ്ച മെരാവിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ലഭിച്ച ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. പരിക്കേറ്റ മെരാവിയുടെ സഹോദരന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോം തിയറ്റർ സംവിധാനത്തിനുള്ളിൽ ആരോ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി. പിന്നീട്, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളുടെ പട്ടിക പോലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് മ്യൂസിക് സിസ്റ്റം വധുവിന്റെ മുൻ കാമുകൻ നൽകിയ സമ്മാനമാണെന്ന് കണ്ടെത്തിയത്.


വധുവിന്‍റെ മുന്‍ കാമുകനായ സർജു ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മുൻ കാമുകി വിവാഹിതയായതിൽ ദേഷ്യമുണ്ടെന്ന് പ്രതി സമ്മതിച്ചെന്നും അതിനാലാണ് ഹോം തിയേറ്ററില്‍ സ്ഫോടക വസ്തുക്കള്‍ സജ്ജീകരിച്ച്  സമ്മാനമായി നൽകിയതെന്നും കബീർധാം അഡീഷണൽ പോലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്.

Post a Comment

0 Comments