മാലിന്യ നീക്കം ഇനി കിറു കൃത്യം; കലണ്ടര്‍ പ്രകാരമുള്ള മാലിന്യ നീക്കത്തിന് ഊന്നല്‍ നല്‍കി ക്ലീന്‍ കേരള കമ്പനി

LATEST UPDATES

6/recent/ticker-posts

മാലിന്യ നീക്കം ഇനി കിറു കൃത്യം; കലണ്ടര്‍ പ്രകാരമുള്ള മാലിന്യ നീക്കത്തിന് ഊന്നല്‍ നല്‍കി ക്ലീന്‍ കേരള കമ്പനി



കാസർകോട്: അജൈവ മാലിന്യ നീക്കം കാര്യക്ഷമമാക്കാന്‍ ക്ലീന്‍ കേരള കമ്പനി ജില്ലയില്‍ കലണ്ടര്‍ അധിഷ്ഠിത മാലിന്യ നീക്കം ആരംഭിച്ചു. വീടുകളിലും കടകളിലുമെത്തുന്ന ഹരിതകര്‍മ സേന അംഗങ്ങള്‍ ഈ വര്‍ഷം  ജനുവരി മുതല്‍ കലണ്ടര്‍ പ്രകാരം പാഴ് വസ്തുക്കള്‍ തരംതിരിച്ച് ശേഖരിക്കാന്‍ തുടങ്ങി. ജനുവരിയില്‍ ഇലക്ട്രോണിക് വേസ്റ്റ്, ഫെബ്രുവരിയില്‍ തുണിമാലിന്യം, മാര്‍ച്ചില്‍ പിക്ചര്‍ ട്യൂബ്,  ബള്‍ബ്, ട്യൂബ് ഉള്‍പ്പെടെയുള്ള ആപത്കരമായ ഇ- മാലിന്യങ്ങള്‍,  കണ്ണാടി, ഏപ്രിലില്‍ ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍,  കാര്‍പ്പെറ്റ്, അപ്ഹോള്‍സ്റ്ററി വേസ്റ്റ്,  ഉപയോഗ ശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ, മെയ് മാസത്തില്‍ കുപ്പി, ചില്ലുമാലിന്യങ്ങള്‍,  ജൂണില്‍ ഉപയോഗശൂന്യമായ വാഹന ടയര്‍, ജൂലൈയില്‍ ഇ- വേസ്റ്റ്, ആഗസ്റ്റില്‍ പോളി എത്തിലീന്‍ പ്രിന്റിംഗ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങള്‍,  സെപ്തംബറില്‍ മരുന്ന് സ്ട്രിപ്പുകള്‍,  ഒക്ടോബറില്‍ ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍, കാര്‍പ്പെറ്റ്,  അപ്ഹോള്‍സ്റ്ററി വേസ്റ്റ്, ഉപയോഗ ശൂന്യമായ മെത്ത, തലയണ,  പ്ലാസ്റ്റിക് പായ, ഡിസംബറില്‍ കുപ്പി, ചില്ലുമാലിന്യങ്ങള്‍ എന്നിങ്ങനെ മാസംതോറും പാഴ് വസ്തുക്കള്‍ തരംതിരിച്ച് ശേഖരിക്കും. കലണ്ടര്‍ പ്രകാരമുള്ള അജൈവ മാലിന്യ നീക്കം ആരംഭിച്ചതോടെ മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമായി. മുമ്പ് ഒരുമിച്ച് ശേഖരിക്കുന്ന ഘട്ടത്തില്‍ പാഴ് വസ്തുക്കള്‍ തരംതിരിക്കല്‍ വലിയ വെല്ലുവിളിയായിരുന്നു. പുതിയ തീരുമാനം നിലവില്‍ വന്നതോടെ ഇവ കുന്നുകൂടി മാലിന്യ കൂമ്പാരമാകുന്നത് ഒഴിവായി. ചെരുപ്പ്, ബാഗ് പോലുള്ള നശിപ്പിച്ച് കളയേണ്ട വസ്തുക്കള്‍ സിമന്റ് ഫാക്ടറിയിലേക്കാണ് കയറ്റി അയക്കുന്നത്. ഇതില്‍ മറ്റ് മാലിന്യങ്ങള്‍ കലരുന്നത് നേരത്തെ വലിയ വെല്ലുവിളിയായിരുന്നു. ബാഗ്, ചെരുപ്പ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം മാസം തീരുമാനിച്ചതോടെ ആ കടമ്പയും ഇല്ലാതായി. മാലിന്യ ശേഖരണത്തിന് അമ്പത് രൂപയാണ് ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീ. കലണ്ടര്‍ പ്രകാരമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം മാസം തോറുമുള്ള പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തടസ്സമുണ്ടാവില്ല എന്നും ജില്ലയില്‍ പുതിയ രീതിയിലുള്ള മാലിന്യശേഖരണം  ജനുവരി മുതല്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി പറഞ്ഞു.


Post a Comment

0 Comments