ഉത്സവത്തിനിടെ ആദ്യം ആർഎസ്എസ് ഗണഗീതം;'ബലികുടീരങ്ങളെ' പാടിയിട്ട് പോയാല്‍ മതിയെന്ന് സിപിഎം പ്രവർത്തകർ

LATEST UPDATES

6/recent/ticker-posts

ഉത്സവത്തിനിടെ ആദ്യം ആർഎസ്എസ് ഗണഗീതം;'ബലികുടീരങ്ങളെ' പാടിയിട്ട് പോയാല്‍ മതിയെന്ന് സിപിഎം പ്രവർത്തകർ

 



തിരുവല്ല വള്ളംകുളം ദേവീക്ഷേത്രിൽ ഉത്സവത്തിൻറെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതോടെ, ബലികുടീരങ്ങളേ എന്ന ഗാനം കൂടി പാടണമെന്ന് ആവശ്യപ്പെട്ടാണ് സംഘർഷം. ആലപ്പുഴ ക്ലാപ്സ് ഗാനമേള ട്രൂപ്പിന്റെ പരിപാടിക്കിടയായിരുന്നു ബഹളമുണ്ടായത്. പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചുകീറുകയും ചെയ്തു. തിരുവല്ല പൊലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു പ്രതിഷേധം. ശനിയാഴ്ച രാത്രിയാണ് സംഭവം.


ഗാനമേള അവസാനിക്കാൻ രണ്ടു പാട്ടുകൾ മാത്രം അവശേഷിക്കേ, ആർഎസ്എസിന്റെ ഗണഗീതം പാടി. ഇതിന് പിന്നാലെ വിപ്ലവഗാനമായ ബലികുടീരങ്ങളെ എന്ന പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. വിപ്ലവഗാനം പാടണമെന്ന സിപിഎം ആവശ്യത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. പ്രശ്ന പരിഹാരത്തിന് കർട്ടൻ താഴ്ത്തി പരിപാടി അവസാനിപ്പിച്ച് മടങ്ങാൻ ഗാനമേള ട്രൂപ്പ് തീരുമാനിച്ചു. ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി കർട്ടൻ വലിച്ചുകീറുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ തിരുവല്ല പൊലീസിൽ പരാതി നൽകി. ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് പരാതിയിലെ ആരോപണം. അതിനിടെ പരിപാടി അവതരിപ്പിക്കാൻ ക്ഷേത്രത്തിലേക്ക് വരുന്നവഴി ഗാനമേള ട്രൂപ്പിനെ തടഞ്ഞുനിർത്തി വിപ്ലവഗാനം പാടണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments