സങ്കടക്കടലായി താനൂർ; ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി, തെരച്ചിൽ തുടരുന്നു

LATEST UPDATES

6/recent/ticker-posts

സങ്കടക്കടലായി താനൂർ; ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി, തെരച്ചിൽ തുടരുന്നു



താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയിലുള്ള പത്ത് പേരിൽ ഏഴ് പേരുടെ നില ​ഗുരുതരമാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘത്തിന്റെ തെരച്ചിൽ തുടരുകയാണ്. 


ഇന്നലെ രാത്രി ഏഴരയോടെയാണ് മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി ബോട്ട് അപകടത്തിൽപ്പെട്ടത്. തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോൾ ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ജെസിബി ഉപയോ​ഗിച്ച് ബോട്ട് ഉയർത്തിയിന് ശേഷമാണ് ആളുകളെ പുറത്തെടുക്കാനായത്. 



21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും ഇന്ന് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കൾ ഇന്ന് താനൂരിലെത്തും. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), മകൾ ഫാത്തിമ മിൻഹ (12), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. തിരൂരങ്ങാടി, പെരുന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജിലും പോസ്റ്റുമോർട്ടം നടത്തും. സ്വകാര്യ ആശുപത്രികളിലും പോസ്റ്റുമോർട്ടം നടത്തും.

Post a Comment

0 Comments