കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കംചെയ്ത് പൊലീസ്. പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള മൂന്നു കിലോമീറ്റർ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലും ഡിവൈഡുകളിലും സ്ഥാപിച്ച ബോർഡുകളാണ് ഇന്ന് രാവിലെ മുതൽ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ട്രാഫിക് എസ്.ഐ. പി.വി. മധുസൂദനന്റെ നേതൃത്വത്തിലാണ് നടപടി . വിവിധ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകളും മത, രാഷ്ട്രീയ സംഘടനകളുടെ ഉൾപ്പടെ ബോർഡുകളുമാണ് നീക്കം ചെയ്തത് . നഗര മധ്യത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയുടെ കർശന വിലക്കുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് പലരും നഗരത്തിൽ വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നഗരമധ്യത്തിന്റെ ഡിവൈഡറിൽ ഉൾപ്പെടെ വലിയ ബോർഡുകൾ സ്ഥാപിക്കുന്നത് കാഴ്ച മറക്കുന്നതിനും ഇതുമൂലം അപകടങ്ങൾക്കും കാരണമായിട്ടും നടപടി ഉണ്ടായിരുന്നില്ല. പരസ്യ ബോർഡുകൾ സ്ഥാപിക്കുമ്പോൾ നികുതി ഈടാക്കിയായിരുന്നു നേരത്തെ നഗരസഭ അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ അത്തരമൊരു നിയമമില്ലാത്തതിനാൽ നികുതിയിടാക്കാനും നഗരസഭയ്ക്ക് സാധിക്കുന്നില്ല. പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നഗരസഭക്ക് ഇത് മൂലമുണ്ട്. നികുതി പിരിക്കൽ നിലച്ചതോടെ യാതൊരു പണച്ചെലവുമില്ലാതെ നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയ പരസ്യ ബോർഡുകളാ ണ് പ്രത്യക്ഷപ്പെടുന്നത്. ബസ്റ്റാൻഡ് പരിസരത്ത് നിന്നു മു ൾപ്പെടെ നൂറുകണക്കിന് ബോർഡുകളാണ് ഇന്ന് പൊലീസ് നീക്കം ചെയ്തത് .
0 Comments