വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി എൻജിനീയറിങ് കോളജ് അടച്ചു

LATEST UPDATES

6/recent/ticker-posts

വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി എൻജിനീയറിങ് കോളജ് അടച്ചു


 കാഞ്ഞിരപ്പള്ളി (കോട്ടയം): വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് മാനേജ്മെന്റ് നിർദേശം നൽകി. എന്നാൽ, ഒഴിയാൻ തയാറല്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. ‌പ്രതിഷേധ സമരം ശക്തമായതോടെ മാനേജ്മെന്റ് ഇന്ന് വിദ്യാർഥികളുമായി ചർച്ച നടത്താം എന്ന് അറിയിച്ചിട്ടുണ്ട്.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക്​ ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ്​ കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർഥികളും ബന്ധുക്കളും ആരോപിക്കുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവർക്ക്​ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച്​ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന ആരോപണമാണ്​ ബന്ധുക്കൾ ഉന്നയിക്കുന്നത്​. ഈമാസം ഒന്നിനാണ്​ പെൺകുട്ടി വീട്ടിൽനിന്ന് കോളജിലേക്ക് പോയത്. രണ്ടിന്​ രാവിലെ വീട്ടിൽ വിളിച്ച്​ സംസാരിച്ചു. അപ്പോഴും പ്രശ്നങ്ങളെന്തെങ്കിലും ഉള്ളതായി പറഞ്ഞില്ല. അന്ന്​ ഉച്ചക്ക് എച്ച്.ഒ.ഡി കുട്ടിയുടെ പിതാവിനെ വിളിക്കുകയും ലാബിൽ മൊബൈൽഫോൺ ഉപയോഗിച്ചതായും ഫോൺ വാങ്ങിവെച്ചതായും അറിയിച്ചു.

ചില പരീക്ഷകളിൽ കുട്ടിക്ക്​ മാർക്ക് കുറവാണെന്നും അടുത്ത ദിവസം കോളജിലെത്താനും പിതാവിനോട് ആവശ്യപ്പെട്ടു. അന്ന്​ രാത്രി 8.45ന് വിളിച്ച്​ കുട്ടി ആശുപത്രിയിലാണെന്നും ഉടൻ എത്താനും പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചതായും അറിയിച്ചു. ആത്മഹത്യയായിരുന്നുവെന്ന്​ ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. കോളജ് അധികൃതർ കൃത്യമായ വിവരങ്ങൾ തരുന്നില്ല. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല. മൊബൈൽ ഫോൺ പൊലീസിന്‍റെ കൈവശമാണെന്നും ബന്ധുക്കൾ പറഞ്ഞു.


Post a Comment

0 Comments