അജാനൂർ: സൗത്ത് ചിത്താരിയിൽ തെരുവുനായ്ക്കളുടെ അക്രമണം ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള ആക്രമണത്തിൽ ഭയന്നിരിക്കുകയാണ് നാട്. നടന്നു പോകുന്നവരേയും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരേയും പിന്തുടർന്ന് അക്രമിക്കുന്നത് തുടർക്കഥയായ സാഹചര്യത്തിൽ വീടിനു വെളിയിൽ ഇറങ്ങാൻ പോലും നാട്ടുകാർ പേടിക്കുകയാണ്. രാവിലെ സ്കൂളുകളിലും മദ്രസകളിലും ട്യൂഷൻ ക്ലാസുകളിലും പോകുന്ന വിദ്യാർത്ഥികളെ ഓടിച്ചിട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുന്നതും സാധാരണമായിട്ടുണ്ട്. ഇത്തരം അക്രമണകാരികളെ കൊണ്ട് വീടിനു അകത്തും രക്ഷയില്ല എന്നതാണ് മറ്റൊരു കാര്യം. കൂട്ടിനകത്തു കയറിയും കൂട് നശിപ്പിച്ചും വളർത്തു മൃഗങ്ങൾക്ക് നേരേയും അക്രമണമുണ്ടാകുന്നു. ഇന്ന് പുലർച്ചെ ചിത്താരി കൂളിക്കാടിലെ അടുക്കം അസീസിന്റെ പത്തോളം കോഴികളെ കൂട് തകർത്ത് നായ്ക്കൾ കടിച്ചു കൊന്നു.
നായശല്യം കാരണം ഭീതിയും നഷ്ടവും നിറഞ്ഞ ജീവിതം നയിക്കുന്ന സൗത്ത് ചിത്താരി നിവാസികൾ ഓരോ പ്രാവശ്യവും അധികൃതരോട് നടപടി ആവശ്യപെടാറുണ്ടെങ്കിലും നീതി ലഭിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നു വരുന്നുണ്ട്.
0 Comments