വെള്ളിയാഴ്‌ച, ജൂൺ 30, 2023



പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. 


കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ  കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.


വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.


കെ.എസ്.ഇ.ബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ കാമറയിൽ പതിഞ്ഞതിനെ തുടര്‍ന്നാണ്  കെഎസ്ഇബിയുടെ ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനായിരുന്നു ഫൈൻ കിട്ടിയത്.


അമ്പവലയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേ രീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴതുക ബോര്‍ഡ് തന്നെ അടക്കേണ്ടിവരും. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ