അനുസ്മരണം : നന്മകൾ കൊണ്ട് അവിസ്മരണീയ ജീവിതം നയിച്ച സി.എച്ച്. മുഹമ്മദ്‌ മൗലവി

LATEST UPDATES

6/recent/ticker-posts

അനുസ്മരണം : നന്മകൾ കൊണ്ട് അവിസ്മരണീയ ജീവിതം നയിച്ച സി.എച്ച്. മുഹമ്മദ്‌ മൗലവി

 എഴുത്ത്: ബഷീർ ചിത്താരി 


കഴിഞ്ഞ ദിവസം ഇഹലോക വാസം വെടിഞ്ഞ പ്രിയ സി.എച്ച് മുഹമ്മദ്‌ മൗലവിയുടെ മരണ ദിവസം അദ്ദേഹത്തിന്റെ വസതിയിൽ ഒഴുകിയെത്തിയ ആയിരക്കണക്കിന് ജനങ്ങൾ ആ മഹാ വ്യക്തിയോടുള്ള കടുത്ത സ്നേഹവും ആദരവും വിളിച്ചോതുന്നതാണ്. ഏകദേശം നാൽപത്തി അഞ്ചു വർഷത്തിൽ അധികം ഒരേ സ്ഥാപനത്തിൽ അധ്യാപനം നടത്തുമ്പോൾ വന്ന് ചേരുന്ന ശിഷ്യ ഗണങ്ങൾ അപാരാകുമെന്നതിൽ സംശയം ഇല്ല. മാത്രമല്ല ഇതിൽ തന്നെ ഓരോ കുടുംബത്തിലും അദ്ദേഹം പഠിപ്പിച്ച നൂറ് കണക്കിന് കുടുംബിനികൾ, അതൊക്കെ സി.എച്ച് ഉസ്താദിന്റെ സേവന ചരിത്രത്തിൽ പൊൻതൂവൽ സൃഷ്ടിക്കുന്നതാണ്.

 ഉസ്താദിന്റെ ശിഷ്യ സാഗരത്തിൽ ഭൂരിപക്ഷവും ലോകത്തിന്റെ വിവിധ ദേശങ്ങളിൽ ചെറുതും വലുതുമായ പദവികളിലും സ്ഥലങ്ങളിലും വിരാചി ക്കുന്നവരാണ് എന്നത് അദ്ദേഹത്തിന്റെ മക്കൾക്കും കുടുംബത്തിനും ശിഷ്യന്മാർക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്.

അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മാറ്റ് കൂട്ടുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ സ്വഭാവ മഹിമ തന്നെയാണ്.

സാധാരണ മനുഷ്യരോടൊപ്പം നിത്യവും സുഖ ദുഃഖ വേളകളിൽ കഴിഞ്ഞു കൂടിയ ഉസ്താദിന്റെ ഖബിറടക്ക ചടങ്ങിൽ വിദൂരങ്ങളിൽ നിന്ന് പോലും ആളുകൾ എത്തി ചേർന്നതും ഇപ്പോഴും സാന്ത്വനവുമായി എത്തി ചേരുന്നതും ആ ബഹുമാന ആദരവ് കൊണ്ട് മാത്രമാണ്.          കഴിഞ്ഞ ജൂലൈ 10 തിങ്കളാഴ്ച്ച ചിത്താരി ഗ്രാമത്തെ സംബന്ധിച്ച് ദുഖത്തിന്റെ കരി നിഴൽ വീഴ്ത്തിയ ദിവസമായിരുന്നു. കുറെ ദിവസങ്ങളായി രോഗ ശയ്യയിൽ ആയിരുന്നു ഉസ്താദ് എന്നതിനാൽ തന്നെ, മരണം അപ്രതീക്ഷിതം എന്ന് പറയാൻ ആവില്ലെങ്കിലും, ആ ദുഃഖ സത്യം അറിയുമ്പോൾ എല്ലാവരിലും ഒരു നൊമ്പരം  അലയടിച്ചു എന്നതിൽ സംശയമില്ല. ഓരോ നാട്ടിലും ചില വ്യക്തികൾ അങ്ങനെ ആണല്ലോ, നമുക്കിടയിൽ കാവൽക്കാരൻ ആയി ഒരു കാരണവർ ആയി അരികിൽ ഒരു സംരക്ഷകൻ ആയി ഒരാൾ ഉണ്ടല്ലോ എന്ന ചിന്ത, ആ വിധത്തിൽ എന്ത് ആവശ്യത്തിനും ഉപദേശ നിർദേശങ്ങൾക്കും സമീപിക്കാവുന്ന ഒരു കാരണവരെയാണ് സി.എച്ച് മുഹമ്മദ്‌ ഉസ്താദ് വിട പറഞ്ഞു പോയപ്പോൾ തോന്നി പോകുന്നത്.

വലിയൊരു യാത്രാ പ്രിയൻ ആയിരുന്നു സി.എച്ച് . ആരോഗ്യം അനുഭവിക്കുന്ന അവസരങ്ങളിൽ എല്ലാം അദ്ദേഹം തന്റെ ഏറ്റവും അടുത്ത മിത്രമായ മുബാറക്ക് ഹസൈനാർ ഹാജിയെയും മറ്റുള്ളവരെയും കൂട്ടി വിവിധ പുണ്ണ്യ സ്ഥലങ്ങളിൽ യാത്ര പോവുക ഏറെ ഇഷ്ടപ്പെട്ട വേളകൾ ആയിരുന്നു.

മുസ്ലിം ലീഗിന്റെ ആശയാദർശങ്ങൾ ജീവിതത്തിൽ ഉടനീളം ഉൾക്കൊണ്ടുള്ള ജീവിതം ആയത് കൊണ്ട് തന്നെ മഹാന്മാരായ നേതാക്കളെ പോയി കണ്ട് ആശയ വിനിമയം നടത്തുക എന്ന കാര്യവും അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. ഇത്തരത്തിൽ ഇ.അഹമ്മദ് സാഹിബ്‌ കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ഡൽഹി മന്ത്രി മന്ദിരത്തിൽ പോയി അഹമ്മദ് സാഹിബിനെ ചെന്ന് കണ്ടതും അഹമ്മദ് സാഹിബ് നൽകിയ ഊഷ്മള സ്വീകരണവും പലപ്പോഴും അദ്ദേഹം ആഹ്ലാദപൂർവ്വം പങ്ക് വെച്ചത് ഓർത്ത് പോവുകയാണ്.ആത്മീയ മത രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുമ്പോഴും ഒരു കറകളഞ്ഞ ലീഗിന്റെ നിറ സാനിധ്യം മാത്രമല്ല.അദ്ദേഹത്തിന്റെ യുവ കാലഘട്ടത്തിൽ യൂത്ത് ലീഗ്,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയായും മറ്റു നേതൃത്വ സ്ഥാനത്തും സേവനം അനുഷ്ടിച്ചിരുന്നു.ആത്മീയ മത നേതാക്കളായും രാഷ്ട്രീയ നേതാക്കളായും നല്ല സൗഹൃദവും ആത്മ ബന്ധവും കാത്ത് സൂക്ഷിച്ചു അദ്ദേഹം,

ഏതായാലും സി.എച്ച് മുഹമ്മദ്‌ മൗലവി വിട പറഞ്ഞു പോയെങ്കിലും അദ്ദേഹം ദേശത്തിന് നൽകിയ നന്മകൾ നിറഞ്ഞ സേവനങ്ങൾ നമ്മുടെ നാട്ടിനു ഒരിക്കലും വിസ്മരിക്കാൻ സാധ്യമല്ല.        എന്നെ സംബന്ധിച്ച് പിതൃ തുല്യനായ ഗുരുനാഥനെയാണ് നഷ്ടമായിരിക്കുന്നത്. പ്രവാസ ജീവിത കാലത്ത് അവധിക്കാലം നാട്ടിൽ വരുന്ന ദിവസങ്ങളിൽ അദ്ദേഹത്തെ കാണുക എന്നത് ഒരു പതിവ് ശീലം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാവാം, പരിശുദ്ധ ഉംറക്ക് വരുന്ന വിവരം നേരെത്തെ അറിയിച്ചതും പുണ്ണ്യ സ്ഥലങ്ങളിൽ വെച്ച് കാണാനും വേണ്ട സേവനങ്ങൾ ചെയ്യാൻ സാധിച്ചതും. പിന്നീട് ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ കുറച്ച് ദിവസം താമസിക്കാനും ജിദ്ദയിലെ ചില സ്ഥലങ്ങൾ കാട്ടി കൊടുക്കാനും സന്ദർഭം ഉണ്ടായി. ജിദ്ദയിൽ താമസിക്കുന്ന സമയം നമ്മുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന വിവിധ സ്ഥലങ്ങളിൽ ഉള്ളവരുമായി നല്ല സൗഹൃദം ഉണ്ടാക്കി ചുരുക്കം ദിവസങ്ങൾ കൊണ്ട് എല്ലാവരുടെയും സ്നേഹിതൻ ആയി മാറുകയും ചെയ്‌തു. ആളുകളോട് പെരുമാറുന്നതിൽ സ്നേഹം കൊണ്ട് ഇന്ത്രജാലം തീർക്കുന്ന അപൂർവ വ്യക്തിത്വത്തിന്റെ ഉടമായിരുന്നു ഉസ്താദ്! മാതൃകാപരമായ ഒരു കുടുംബ ജീവിതം ആയിരുന്നു അദ്ദേഹം നയിച്ചിരുന്നത്. മക്കളെ മത വിദ്യാഭ്യാസതോടൊപ്പം നല്ല രീതിയിൽ ഭൗതിക വിദ്യാഭ്യാസം നൽകുന്നതിൽ നല്ല ശ്രദ്ധ പതിപ്പിച്ചിരുന്നു. അങ്ങനെ നോക്കിയാൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം വരിച്ച മാതൃകാ പുരുഷൻ ആയിരുന്നു എന്റെ ഗുരുനാഥൻ.

Post a Comment

0 Comments