കാസര്‍കോട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിയാസ് മൗലവി വധക്കേസ് ഇന്നലെ പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ നിയമിച്ച പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവെച്ചു. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം. അശോകന്റെ നിര്യാണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകനായ അഡ്വ. ടി. ഷാജിത്തിനെ പുതിയ പ്രോസിക്യൂട്ടറായി നിയമിച്ചത്. ജൂലായ് 18ന് കേസ് പരിഗണിക്കേണ്ടതായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അന്ന് സംസ്ഥാനത്ത് പൊതു അവധിയായതിനാല്‍ കോടതിയും പ്രവര്‍ത്തിച്ചിരുന്നില്ല.
ഇന്നലെ കേസ് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുമ്പോള്‍ അഡ്വ. ടി. ഷാജിത്ത് ഹാജരാകേണ്ടിയിരുന്നതാണെങ്കിലും അദ്ദേഹം എത്തിയില്ല. ഇതോടെ കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റിവെച്ചു. ഷാജിത്തിനെ നിയമിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്ത് എന്ന് വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. മാത്രമല്ല കേസിനെക്കുറിച്ച് വിശദമായി മനസിലാക്കേണ്ടതുമുണ്ട്. ഇതിന് കുറച്ച് സാവകാശം വേണ്ടിവരും. റിയാസ് മൗലവി വധക്കേസില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയായതിനാല്‍ വിധി പറയുന്ന തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
0 Comments