റീൽസ് ചെയ്യാൻ ഐഫോണ്‍ വാങ്ങാൻ ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

റീൽസ് ചെയ്യാൻ ഐഫോണ്‍ വാങ്ങാൻ ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

 



ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് പർഗാന ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്.


സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛൻ ജയദേവ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.


ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികൾ പെരുമാറിയത്. ഇതും അയൽക്കാരുടെ സംശയത്തിന് ബലമേകി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാൽ പെട്ടെന്നാണ് ഇവരുടെ കൈയ്യിൽ വില കൂടി ഐഫോൺ കണ്ടത്. തുടർന്ന് രാജ്യം മുഴുവൻ സഞ്ചരിച്ച് റീലുകൾ എടുക്കുകയായിരുന്നു ഇവരെന്നും അയൽക്കാർ പറഞ്ഞു.


തുടർന്ന് കുട്ടിയെപ്പറ്റി നാട്ടുകാർ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികൾ വെളിപ്പെടുത്തിയത്.


കുട്ടിയെ ഇവർ ഖാർദയിലുള്ള ഒരു സ്ത്രീയ്ക്കാണ് വിറ്റത്. വിവരം അറിഞ്ഞെത്തിയ പോലീസ് കുട്ടിയെ അവരിൽ നിന്നും രക്ഷിക്കുകയായിരുന്നു. പ്രിയങ്ക ഘോഷ് എന്ന യുവതിയാണ് കുട്ടിയെ വാങ്ങിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.


ദമ്പതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഇവർക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടി കൂടി ഉണ്ടെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞു.


തങ്ങളുടെ മകളെയും ഇവർ വിൽക്കാൻ ശ്രമിച്ചിരുന്നതായി പ്രദേശത്തെ കൗൺസിലർ താരക് ഗുഹ പറഞ്ഞു.


”ആൺകുഞ്ഞിനെ വിറ്റശേഷം മകളെയും വിൽക്കാൻ ജയദേവ് ശ്രമിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഇക്കാര്യം മനസിലായതോടെ ഞങ്ങൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.


അതേസമയം ദമ്പതികൾ എന്തിനാണ് കുട്ടിയെ വിറ്റതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ദാരിദ്ര്യമാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ കുട്ടിയെ വിറ്റതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments