വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയില്‍ ക്രമക്കേടെന്ന് ആക്ഷേപം; രണ്ട് വെബ്‌സൈറ്റുകളില്‍ നിന്നുള്ള 45 ചോദ്യങ്ങള്‍ ; അക്ഷരതെറ്റുകള്‍ പോലും അതേപടി

LATEST UPDATES

6/recent/ticker-posts

വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയില്‍ ക്രമക്കേടെന്ന് ആക്ഷേപം; രണ്ട് വെബ്‌സൈറ്റുകളില്‍ നിന്നുള്ള 45 ചോദ്യങ്ങള്‍ ; അക്ഷരതെറ്റുകള്‍ പോലും അതേപടികൊച്ചി : അസി. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയില്‍ ക്രമക്കേട് നടന്നതായി ഉദ്യോഗാര്‍ഥികള്‍. മേയ് 26നായിരുന്നു പരീക്ഷ. പി.എസ്.സി ചെയര്‍മാനെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.


മറ്റ് പരീക്ഷാസഹായികളില്‍നിന്നും ചോദ്യങ്ങള്‍ പകര്‍ത്തരുതെന്ന പി.എസ്.സി പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവ് നിലനില്‍ക്കെ, രണ്ട് വെബ്‌സൈറ്റുകളില്‍ നിന്നുള്ള 45 ചോദ്യങ്ങള്‍ ഈ പരീക്ഷയ്ക്കായി ഉപയോഗിച്ചെന്നാണു പരാതി. വെബ്‌സൈറ്റിലെ ചോദ്യങ്ങളിലെ അക്ഷരതെറ്റുകള്‍പോലും അതേപടി പി.എസ്.സിയുടെ ചോദ്യങ്ങളിലും ആവര്‍ത്തിച്ചു. ബി.ടെക്, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഓട്ടോ മൊബൈല്‍ എന്‍ജിനിയറിങ് എന്നീ യോഗ്യതകളാണ് നോട്ടിഫിക്കേഷനില്‍ പി.എസ്.സി നിശ്ചയിച്ചിരുന്നത്.


എന്നാല്‍ നോട്ടിഫിക്കേഷന്‍ അവസാനിക്കുന്നതിന് നാലുദിവസം മുമ്പ് ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈമേക്കര്‍ എന്ന യോഗ്യത ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് തുല്യമായി പരിഗണിക്കുന്നതായി പി.എസ്.സി പ്രൊഫൈലില്‍ കണിച്ച് ഇവര്‍ക്കുകൂടി പരീക്ഷ എഴുതാന്‍ അവസരമൊരുക്കി. എന്നാല്‍ ടൂള്‍ ആന്‍ഡ് ഡൈമേക്കര്‍ സിലബസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് പഠനവിഷയമല്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.


ക്രമക്കേട് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ മെയില്‍ വഴിയും രജിസ്‌ട്രേഡായും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. പി.എസ്.സി. ചെയര്‍മാനെ കണ്ട് ക്രമക്കേട് ചൂണ്ടിക്കാണിച്ചപ്പോള്‍ പരീക്ഷ റദ്ദ് ചെയ്യുമെന്നായിരുന്നു പ്രതികരണം. എന്നാല്‍, പി.എസ്.സി. തുടര്‍നടപടികളുമായി മുന്നോട്ട് പോകുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ഉദ്യോഗാര്‍ഥികളുടെ മൊഴിയെടുക്കുകയും ചെയ്‌തെങ്കിലും കേസിന്റെ പുരോഗതിയെപ്പറ്റി ആവര്‍ത്തിച്ച് അന്വേഷിച്ചിട്ടും മറുപടി ലഭിച്ചില്ല.


മൊഴിയെടുത്തതിന്റെ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും തുടര്‍ന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസ് ഫയല്‍ചെയ്‌തെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. കേസ് നിലനില്‍ക്കെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പരാതിക്ക് മറുപടി നല്‍കാതെ പി.എസ്.സി പരീക്ഷയുടെ ഉത്തരസൂചിക ഇറക്കിയിരിക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Post a Comment

0 Comments