ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സര്‍വീസ് പ്രൊവൈഡര്‍മാരായ ഇന്‍ഡിഗോ വിമാനത്തിലെ മോശം യാത്രാനുഭവം പങ്കുവെച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് അമരീന്ദര്‍ സിങ് രാജ. ഛണ്ഡിഗഢില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ എ.സി പ്രവര്‍ത്തിക്കാത്തത് ഉണ്ടാക്കിയ പ്രശ്‌നമാണ് അദ്ദേഹം പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരണം നടത്തിയിട്ടുണ്ട്. ഡി.ജി.സി.എയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയേയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
6ഇ7261 ഇന്‍ഡിഗോ വിമാനത്തിലെ ഒന്നര മണിക്കൂര്‍ യാത്ര ഏറ്റവും മോശം അനുഭവമാണ് സമ്മാനിച്ചതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിങ് വരെ വിമാനത്തിന്റെ എ.സി പ്രവര്‍ത്തിച്ചിരുന്നില്ല. ഗുരുതരമായ വിഷയം ഉന്നയിച്ചിട്ടും അതിന് പരിഹാരം കാണാന്‍ ആരും ശ്രമിച്ചില്ല. പകരം വിമാന ജീവനക്കാര്‍ വിയര്‍പ്പ് തുടക്കാനായി യാത്രക്കാര്‍ക്ക് ടിഷ്യു പേപ്പര്‍ നല്‍കുകയാണ് ചെയ്തത്. യാത്രക്കിടയില്‍ പേപ്പറുകളും ടിഷ്യുവും ഉപയോഗിച്ച് വീശിയാണ് യാത്രക്കാര്‍ ചൂടിനെ അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇക്കാര്യത്തില്‍ ഡി.ജി.സി.എ ഇന്‍ഡിഗോക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ മൂലം ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. രാവിലെ 7.40 ന് പറന്നുയര്‍ന്ന വിമാനം 8.20ന് ആണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് കുറച്ച് സമയമെടുക്കുമെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
സാങ്കേതിക തകരാര്‍ മൂലം ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി പട്‌ന വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നായിരുന്നു എര്‍ജന്‍സി ലാന്‍ഡിങ്.
0 Comments