ഓണ്‍ലൈനില്‍ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരുടെതുള്‍പ്പെടെയുള്ള മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. മാനഹാനി ഭയന്നും ലോണ്‍ ആപ്പുകള്‍ ചോദിക്കുന്ന പണം നല്‍കി സംഭവം ഒത്തുതീര്‍ക്കുന്നതിനാലും മിക്ക കേസിലും പോലീസിന് പരാതി എത്തുന്നില്ല.
ഓണ്‍ലൈന്‍ വഴി സ്ത്രീകളുടെ ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ശേഖരിച്ച ശേഷം ഈ സ്ത്രീകളുടെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ കൈക്കലാക്കുന്നത്. ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ തന്നെ ഫോണിലെ ഗാലറിയും കോണ്‍ടാക്ട് വിവരങ്ങളും സംഘങ്ങള്‍ക്ക് ലഭിക്കും. പിന്നീടാണ് ഇവര്‍ കളി തുടങ്ങുക. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ഗാലറിയില്‍ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ കൊള്ളസംഘങ്ങള്‍ക്ക് ചാകരയുമായി.
പണം അയച്ചില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പ് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. ചേര്‍പ്പ് മേഖലയില്‍ പല ഭാഗത്ത് വീട്ടമ്മമാര്‍ക്ക് ഈ അനുഭവം ഉണ്ടായി. മാസങ്ങളായി ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനപ്രതിനിധിയായ ഒരു വീട്ടമ്മയ്ക്ക് ഈ അനുഭവം ഉണ്ടായി. മോര്‍ഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ ഇതുവരെ പണം അയച്ചു കൊടുത്തിട്ടില്ല.
ആറു മാസം മുമ്പ് ഒരു വീട്ടമ്മ ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പറഞ്ഞു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മോര്‍ഫ് ചെയ്ത ചിത്രം സുഹൃത്തുക്കള്‍ക്ക് എത്തും മുമ്പ് ഉണ്ടായ അനുഭവം വാട്‌സ് ആപ്പ് സ്റ്റാറ്റസ് വഴി അറിയിച്ചു. ശേഷം സിം കാര്‍ഡ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ ഡിലീറ്റ് ചെയ്തതായി പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു. 5000 മുതല്‍ 75,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുക. 1600 മുതല്‍ 10,000 വരെ വീട്ടമ്മമാര്‍ക്ക് അയച്ചു കൊടുത്ത സംഭവങ്ങള്‍ ഉണ്ട്. ഏഴ് ദിവസത്തിനകം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള മെസേജും അയക്കും. എന്നാല്‍ നിശ്ചിത ദിവസത്തിനു മുമ്പേ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് മെസേജ് അയക്കും.
തിരിച്ച് അടയ്ക്കാത്ത മൂന്ന് വീട്ടമ്മമാര്‍ക്ക് ആദ്യം മോര്‍ഫ് ചെയ്ത നഗ്‌നചിത്രം അയച്ചു കൊടുത്തു. ശേഷം ഏതാനും സുഹൃത്തുക്കള്‍ക്കും അയച്ചു. ഇതില്‍ പതിനായിരം രൂപ വായ്പ എടുത്ത ഒരു വീട്ടമ്മയ്ക്ക് നിശ്ചിത ദിവസത്തിനു മുമ്പേ കൂടുതല്‍ പണം തിരിച്ചടയ്ക്കാന്‍ മെസേജ് വന്നതിനെ തുടര്‍ന്ന് പതിനായിരം രൂപ തിരിച്ചടച്ചു. എന്നാല്‍ അയ്യായിരം രൂപ കൂടി പെട്ടെന്ന് അയയ്ക്കാന്‍ പറഞ്ഞു.അതിനു വിസമ്മതിച്ചപ്പോള്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം അയച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭയന്ന വീട്ടമ്മ അയ്യായിരം രൂപ അയച്ചു കൊടുത്തു.വീണ്ടും അയ്യായിരം രൂപ ആവശ്യപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
0 Comments