നിലമ്പൂര്‍: മറുനാടൻ മലയാളി ഓൻലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തി ആണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ച കേസിൽ ആണ് അറസ്റ്റ്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് നിലമ്പൂരിൽ ഹാജരായില്ല എങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 09.45 നാണ് ഷാജൻ സ്‌കറിയ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. മതവിദ്വേഷം വളർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ. ഈ കേസിൽ നേരത്തെ തന്നെ ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. സ്റ്റേഷനിൽ ഹാജരായ നിലമ്പൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകി. എന്നാൽ അപ്രതീക്ഷിതമായി തൃക്കാക്കര പോലീസ് നിലമ്പൂർ സ്റ്റേഷനിലെത്തി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്ന കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി വി അൻവറും ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകൾ ഷാജൻ സ്‌കറിയക്ക് എതിരെയുണ്ട്.
0 Comments