ഡോക്ടർ ഷഹന ജീവനൊടുക്കിയത് റുവൈസ് വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെ; പിതാവിനെ പ്രതിചേർത്തേക്കും

LATEST UPDATES

6/recent/ticker-posts

ഡോക്ടർ ഷഹന ജീവനൊടുക്കിയത് റുവൈസ് വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെ; പിതാവിനെ പ്രതിചേർത്തേക്കും


 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. ഷഹന ജീവനൊടുക്കാനുള്ള പെട്ടെന്നുള്ള കാരണം ഇതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഷഹനയുടെയും റുവൈസിന്റെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് കൈമാറി. ഷഹനയുടെ സഹോദരന്റെ ജാസിം നാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ റുവൈസിന്റെ പിതാവിനെ കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയേറി.


അതേസമയം, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ പോയതായാണ് വിവരം. കേസിൽ പിതാവിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. റുവൈസിന്‍റെ പിതാവിനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഷഹനയുടെയും റുവൈസിന്‍റെയും സുഹൃത്തുകളുടെ മൊഴിയും മെഡിക്കൽ കോളേജ് പൊലീസ് രേഖപ്പെടുത്തും.

ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി റുവൈസിനും കുടുംബാംഗങ്ങൾക്കും എതിരെ പരാമർശനമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്… വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്…’ -ഷഹനയുടെ ഈ പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.


കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments