കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉൾപ്പടെ മൂന്നു പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരാണ് അറസ്റ്റിലായത്.
അയ്മനം സ്വദേശിനിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവർ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പളക്കുടിശിക ഉണ്ടായി. കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു.
ഇത് സമ്മതിച്ചതോടെ ഒക്ടോബർ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അർജുനും അയ്മനത്തെ വീട്ടിൽ എത്തി. തുടർന്ന് വീട്ടമ്മയുടെ രണ്ടു പവൻ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
0 Comments