ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് വീണ്ടും ജീവന്‍വെക്കുന്നു. അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പേരെടുത്ത് പരാമര്‍ശിച്ച യുവാവ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഈ യുവാവ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവാവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍ നിന്ന് ഗഫൂര്‍ ഹാജി പലപ്പോഴായി വാങ്ങിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി വ്യക്തമായതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആഭിചാരക്രിയകള്‍ നടത്തുന്ന ഉദുമയിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28ന് ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും അതിന്റെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. ആഭിചാരക്രിയയുടെ ഭാഗമായി ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂര്‍ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ വീട്ടിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല. ആരോപണവിധേയയായ യുവതി നുണപരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവായ യുവാവ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ അന്വേഷണസംഘം പ്രതീക്ഷയിലാണ്. അതിനിടെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കര്‍മസമിതി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.