കാസര്‍കോട് നിന്ന് മോഷ്ടിച്ച സ്‌കൂട്ടറില്‍ പയ്യാമ്പലം ബീച്ചില്‍ വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് നിന്ന് മോഷ്ടിച്ച സ്‌കൂട്ടറില്‍ പയ്യാമ്പലം ബീച്ചില്‍ വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍



കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയ കര്‍ണ്ണാടക സംഘത്തിലെ വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പൊലീസ് വയനാട്ടില്‍ വെച്ച് പിടികൂടി. വളപട്ടണം പാലോട്ടു വയല്‍ സ്വദേശി കെഎന്‍.നിബ്രാസ് (27), കണ്ണൂര്‍ തോട്ടട സ്വദേശി മുബാറക് മഹലിലെ മുഹമ്മദ് താഹ (21) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്. മൈസൂരു ജെ.പി. നഗറിലെ ഡി. ബ്ലോക്കില്‍ കെ.പി. രമാദേവി(75)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ഞായറാഴ്ച രാവിലെ 9.10 നാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം കണ്ണൂരില്‍ എത്തിയതായിരുന്നു ഇവര്‍. പയ്യാമ്പലം കടല്‍ക്കരയിലെ കരിങ്കല്ലിനുമുകളില്‍നിന്ന് കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ സ്‌കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘം കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിക്കുകയായിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും കടലിന്റെ ശബ്ദം കാരണം ആരും കേട്ടില്ല. കവര്‍ച്ചാസംഘം പള്ളിയാംമൂല ഭാഗത്തേക്ക് വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിന്റെ പിറകിലിരുന്നയാളാണ് മാല പൊട്ടിച്ചതെന്ന് തീരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച വെള്ള സ്‌കൂട്ടര്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഡിസംബര്‍ അഞ്ചിനാണ് സംഘം സ്‌കൂട്ടര്‍ മോഷ്ടിച്ചത്. മാലമോഷണത്തിന് ശേഷം സ്‌കൂട്ടര്‍ മറ്റൊരു സ്ഥലത്ത് വച്ച് വാടകയ്ക്ക് ബൈക്കെടുത്ത് വയനാട്ടിലേക്ക് പോവുകയായിരുന്നു. മീനങ്ങാടിയില്‍ വച്ചാണ് പ്രതികളെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുവര്‍ക്കുമെതിരെ വളപട്ടണം, എടക്കാട് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. നിബ്രാസ് മാല മോഷണം, മയക്കുമരുന്ന് അടക്കം മൂന്നു കേസിലെ പ്രതിയാണ്. മുഹമ്മദ് താഹ ഏഴു കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ പങ്കുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാളും കസ്റ്റഡിയിലുണ്ട്.

Post a Comment

0 Comments