കൊച്ചി: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഈ സമയത്തുള്ള അബോർഷൻ പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയ കോടതി ഇക്കാര്യം കണക്കിലെടുത്താണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്നും വിവരിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാദിച്ചു. എന്നാൽ ഭ്രൂണം 34 ആഴ്ച പ്രായമെത്തിയ സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ വിദഗ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമായോ സിസേറിയൻ വഴിയോ കുട്ടിയുടെ ജനനം നടക്കട്ടെയെന്നും കോടതി നിർദ്ദേശിച്ചു.
തൊട്ടടുത്ത ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും പെൺകുട്ടിയുടെ പ്രസവം വരെ നിരന്തരമായ ചികിത്സ തേടാമെന്നും കോടതി നിർദ്ദേശിച്ചു. 36 -ാം ആഴ്ചയിൽ ഭ്രൂണം പൂർണ്ണ വളർച്ചയിലെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ കുട്ടിയുടെ പ്രസവത്തിന്റെ രീതി തീരുമാനിക്കും. പ്രസവശേഷം കുട്ടിയുടെ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
ഗർഭധാരണത്തിന് കാരണക്കാരനായ പെൺകുട്ടിയുടെ സഹോദരനെ കുട്ടിയിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കളോട് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ അധികാരികളെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
0 Comments