'മേലില്‍ ഇത്തരം ആവശ്യവുമായി വരരുത്‌'; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

LATEST UPDATES

6/recent/ticker-posts

'മേലില്‍ ഇത്തരം ആവശ്യവുമായി വരരുത്‌'; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍  സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. മേലില്‍ ഇത്തരം ആവശ്യങ്ങളുന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. 


ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുന്നത്. 

കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സര്‍വേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാന ഹര്‍ജി അലഹാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 


തര്‍ക്കവുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതികളില്‍ നിലവില്‍ കേസുകളുണ്ട്. അതിനാല്‍ പൊതുതാല്‍പ്പര്യ ഹര്‍ജി എന്ന നിലയില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഹര്‍ജി തള്ളുകയാണ്. ഭാവിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി എന്ന നിലയില്‍ സുപ്രീംകോടതിയെ സമീപിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. 

 

Post a Comment

0 Comments